Asianet News MalayalamAsianet News Malayalam

വീടിന് തീപിടിച്ചപ്പോഴും കിടപ്പിലായ അമ്മയെ ഉപേക്ഷിച്ച് ഇറങ്ങാൻ മനസുവന്നില്ല; ഒരുമിച്ച് മരണത്തിന് കീഴടങ്ങി

കുടുംബത്തിലെ മറ്റുള്ളവരെല്ലാം കിട്ടിയ വഴികളിലൂടെ പുറത്തിറങ്ങി ജീവന്‍ രക്ഷിച്ചപ്പോള്‍ കിടിപ്പിലായിപ്പോയ അമ്മയെ വീടിനുള്ളില്‍ ഉപേക്ഷിച്ച് പുറത്തിറങ്ങാന്‍ 60 വയസുകാരന് കഴിഞ്ഞില്ല.

Man was reluctant to leave behind his bedridden mother when fire engulfed the entire house afe
Author
First Published Dec 4, 2023, 8:57 AM IST

മുംബൈ: വീടിന് തീപിടിച്ചപ്പോള്‍ അമ്മയെ ഉപേക്ഷിച്ച് പുറത്തിറങ്ങാന്‍ തയ്യാറാവാതിരുന്ന 60 വയസുകാരന്‍ അമ്മയ്ക്കൊപ്പം മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ദിവസം മുംബൈ ഗിര്‍ഗാവിലെ ജേതാഭായി ഗോവിന്ദ്ജി ബില്‍ഡിങിലുണ്ടായ തീപിടുത്തത്തിലായിരുന്നു ദാരുണമായ സംഭവം. ഗൈവാദിയില്‍ മെഡിക്കല്‍ ഷോപ്പ് നടത്തുന്ന ധിരന്‍ നലിന്‍കാന്ത് ഷായും (60) അമ്മ നളിനിയും (80) ആണ് മരിച്ചത്.

ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. തീപിടിച്ച കെട്ടിടത്തിന്റെ മൂന്നാം നിലയിലായിരുന്നു ധിരന്റെ കുടുംബം താമസിച്ചിരുന്നത്. ഏറ്റവും താഴെ നിലയിലുള്ള ഒരു ഇലക്ട്രിക് ബോക്സില്‍ ഷോര്‍ട്ട്സര്‍ക്യൂട്ട് ഉണ്ടായതിനെ തുടര്‍ന്നാണ് കെട്ടിടത്തിന് തീപിടിച്ചത്. നൂറോളം വര്‍ഷം പഴക്കമുള്ള കെട്ടിടത്തില്‍ തടികള്‍ കൊണ്ടുള്ള കോണിപ്പടകളായിരുന്നതിനാല്‍ തീ അതിവേഗം മുകളിലെ നിലകളിലേക്ക് പടര്‍ന്നു. ധിരന്റെ കുടുംബത്തിലെ മറ്റെല്ലാവരും പ്രാണരക്ഷാര്‍ത്ഥം ഓടി താഴെയിറങ്ങിയപ്പോള്‍ കിടപ്പുരോഗിയായ അമ്മയെ വീട്ടില്‍ ഉപേക്ഷിച്ച് തനിച്ച് പുറത്തിറങ്ങാന്‍ ധിരന് മനസുവന്നില്ല. അടുത്തിടെ ആശുപത്രിയില്‍ നിന്ന് ഡിസ്‍ചാര്‍ജ് ചെയ്ത് അമ്മയെ വീട്ടിലെത്തിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ. 

തീപിടിച്ച കെട്ടിടത്തില്‍  നിന്ന് തൊട്ടടുത്ത വലിയ കെട്ടിടത്തിലേക്ക് പലകകള്‍ നിരത്തിവെച്ചാണ് പാലം പോലെയുണ്ടാക്കി ആളുകളെ രക്ഷിച്ചതെന്ന് പരിസരത്തുണ്ടായിരുന്നവര്‍ പറഞ്ഞു. കിടപ്പിലായ അമ്മയെയും കൊണ്ട് അതുവഴി ഇറങ്ങാന്‍ സാധിക്കില്ലായിരുന്നു.  എന്നാല്‍ അമ്മയെ പുറത്തിറക്കാതെ ഇറങ്ങാൻ ധിരന്‍ തയ്യാറായതുമില്ല. അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയപ്പോഴേക്കും ധിരന്റെ വീട്ടിലേക്കും തീ പടര്‍ന്നുപിടിച്ചിരുന്നു.

പിന്നീട് നടത്തിയ പരിശോധനയിലാണ് ഇരുവരെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കെട്ടിടത്തിന് തീപിടുത്തത്തില്‍ സാരമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. പഴയ കെട്ടിടമായിരുന്നതിനാല്‍ അഗ്നിശമന സംവിധാനങ്ങളൊന്നും ഉണ്ടായിരുന്നില്ല. കെട്ടിടത്തിന്റെ പ്രവേശന കവാടത്തില്‍ തന്നെയായിരുന്നു തീപിടുത്തം ഉണ്ടായതെന്നതിനാല്‍ ഗ്രില്ലുകള്‍ തകര്‍ത്താണ് ആളുകളെ പുറത്തിറക്കാന്‍ സാധിച്ചത്. ജനലുകളിലെ ഗ്രില്ലുകള്‍ തകര്‍ത്താണ് മുകളില്‍ നിലകളിലുള്ളവരെ പുറത്തെത്തിച്ചത്. പുലര്‍ച്ചെ 3.35 ആയപ്പോഴാണ് തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios