സരയൂ എക്‌സ്പ്രസിൽ യാത്ര ചെയ്ത വനിതാ കോൺസ്റ്റബിളിനെ കമ്പാര്‍ട്ട്മെന്‍റില്‍  രക്തത്തിൽ കുളിച്ച നിലയിലാണ് കണ്ടെത്തിയത്.

ലഖ്നൌ: ട്രെയിനിൽ വനിതാ കോൺസ്റ്റബിളിനെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന് യുപി പൊലീസ്. പ്രതി അനീസ് അയോധ്യയിലെ പുര കലന്ദറിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്ന് സ്പെഷ്യൽ ഡിജി (ക്രമസമാധാനം) പ്രശാന്ത് കുമാർ പറഞ്ഞു.

ഉത്തർപ്രദേശ് പൊലീസിന്റെയും ലഖ്‌നൗ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെയും (എസ്‌ടിഎഫ്) സംയുക്ത സംഘമാണ് വെള്ളിയാഴ്ച ഇനായത് നഗർ മേഖലയിൽ പ്രതിക്കായി തെരച്ചില്‍ നടത്തിയതെന്ന് പൊലീസ് പറയുന്നു. അതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിനിടെ പ്രതിയുടെ സഹായികളായ ആസാദ്, വിശംഭർ ദയാൽ ദുബെ എന്നിവര്‍ക്ക് വെടിയേറ്റു. ഇവരെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ പൊലീസുകാരിയെ ആക്രമിച്ച കേസിലെ പ്രതികളാണോയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കലന്ദർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ രത്തൻ ശർമയ്ക്കും ഏറ്റുമുട്ടലിൽ പരിക്കേറ്റു.

സരയൂ എക്‌സ്പ്രസിൽ യാത്ര ചെയ്ത കോൺസ്റ്റബിളിനെ കമ്പാര്‍ട്ട്മെന്‍റില്‍ രക്തത്തിൽ കുളിച്ച നിലയിലാണ് കണ്ടെത്തിയത്. ഓഗസ്റ്റ് 30 നായിരുന്നു സംഭവം. പ്രയാഗ്‌രാജ് സ്വദേശിയായ 47കാരിയായ വനിതാ ഹെഡ് കോൺസ്റ്റബിള്‍ സുല്‍ത്താന്‍പൂരിലാണ് ജോലി ചെയ്തിരുന്നത്. അവര്‍ സാവൻ മേള ഡ്യൂട്ടിക്കായി സുൽത്താൻപൂരിൽ നിന്ന് അയോധ്യയിലേക്ക് വരികയായിരുന്നു. അയോധ്യയിൽ ഇറങ്ങേണ്ടതായിരുന്നു. പക്ഷെ ട്രെയിനിൽ ഉറങ്ങിപ്പോയതിനാൽ മനക്പൂർ റെയിൽവേ സ്റ്റേഷനിൽ എത്തി. അയോധ്യയ്ക്കും മനക്പൂരിനും ഇടയിലാണ് സംഭവം നടന്നതെന്നാണ് അന്വേഷണ ചുമതലയുള്ള ഓഫീസര്‍ പൂജ യാദവ് പറഞ്ഞത്. 

ട്രെയിനില്‍ സീറ്റിനെച്ചൊല്ലി പ്രതികളും വനിതാ പൊലീസും തമ്മില്‍ തര്‍ക്കമുണ്ടായെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് പ്രതികള്‍ ക്രൂരമായി പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച് കടന്നുകളയുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ നേരത്തെ പറയുകയുണ്ടായി. പരിക്കേറ്റ കോണ്‍സ്റ്റബിള്‍ ലഖ്‌നൗവിലെ കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയില്‍ (കെജിഎംയു) ചികിത്സയിലാണ്. ഉത്തര്‍പ്രദേശ് പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി ചികിത്സാ പുരോഗതി വിലയിരുത്തിയിരുന്നു. 

ഈ സംഭവത്തില്‍ റെയില്‍വെ പൊലീസിനെ അലഹബാദ് ഹൈക്കോടതി നേരത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സംഭവത്തെ കുറിച്ച് തനിക്ക് ലഭിച്ച വാട്സ്ആപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് പ്രിതിങ്കർ ദിവാകർ ഇടപെട്ടത്. ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ ആര്‍പിഎഫ് പരാജയപ്പെട്ടെന്നാണ് കോടതി വിമര്‍ശിച്ചത്. കേന്ദ്രത്തിനും റെയിൽവേ മന്ത്രാലയത്തിനും ആർപിഎഫ് ഡയറക്ടർ ജനറലിനും ഉത്തർപ്രദേശ് സർക്കാരിനും ആഭ്യന്തര മന്ത്രാലയത്തിനും സംസ്ഥാന വനിതാ കമ്മീഷനും കോടതി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.