ദില്ലി: കൊവിഡ് ബാധിതരായ വ്യക്തികൾ ചികിത്സാ വേളയിൽ പ്രാണായാമം പരിശീലിക്കുന്നത് രോ​ഗമുക്തി എളുപ്പത്തിലാക്കുമെന്ന് കൊറോണ വൈറസിൽ നിന്ന് സൗഖ്യം നേടിയ ദില്ലി വ്യവസായി. ദില്ലിയിൽ ആദ്യം കൊവിഡ് 19 രോ​ഗബാധയിൽ നിന്ന് രക്ഷപ്പെട്ടത് ഇദ്ദേഹമാണ്. 45 കാരനായ രോഹിത് ദത്തയാണ് പ്രാണായാമത്തിന്റെ ​ഗുണങ്ങളെക്കുറിച്ച് കൊവിഡ് രോ​ഗികളോട് പറയുന്നത്. യോ​ഗയിലെ ശ്വസന നിയന്ത്രണ പ്രകിയയാണ് പ്രാണായാമം. കൊവിഡ് ചികിത്സയിലിരുന്ന സമയത്ത് ഈ യോ​​ഗക്രിയ തന്നെ വളരെയധികം സഹായിച്ചിരുന്നതായി അദ്ദേഹം കൂട്ടിച്ചേർക്കുന്നു. കൊവിഡ് ബാധിതരായ രോ​ഗികൾക്ക് ഞാൻ പ്രാണായാമം നിർദ്ദേശിക്കുന്നു. വളരെ പെട്ടെന്ന് സുഖപ്പെടാൻ എനിക്കിത് സഹായകരമായി. അതുപോലെ ഉത്കണ്ഠയുടെ തോത് കുറയ്ക്കാൻ പ്രാണായാമം വളരെ സഹായിക്കും. ​രോഹിത് ദത്ത പറയുന്നു. 

ഫെബ്രുവരി 24 നാണ് ഇദ്ദേഹം യൂറോപ്പിൽ നിന്ന് മടങ്ങിയെത്തിയത്. പിന്നീട് അദ്ദേഹത്തിന് നേരിയ പനി അനുഭവപ്പെട്ടു. തുടർന്ന് രാം മനോഹിയ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. അവിടെ നിന്നാണ് കൊവിഡ് 19 പരിശോധന നടത്തി സ്ഥിരീകരിച്ചത്. 'അപ്പോൾത്തന്നെ എന്നെ ക്വാറന്റൈനിലാക്കി. വീട്ടിലേക്ക് തിരിച്ചു പോകാൻ ആശുപത്രി അധികൃതർ അനുവദിച്ചില്ല. രോ​ഗിക്ക് വേണ്ട എല്ലാ സൗകര്യങ്ങളും എനിക്ക് ലഭ്യമായി. ഉത്തരേന്ത്യയിലെ ആദ്യത്തെ രോ​ഗിയായിരുന്നു ഞാൻ. എനിക്ക് വേണ്ട ചികിത്സകളെല്ലാ ആശുപത്രി അധികൃതർ  നൽകി.' തനിക്ക് കൊവിഡ് 19 ബാധിച്ച  വിവരം അറിഞ്ഞപ്പോൾ ആദ്യം അമ്പരന്നു എന്ന് അദ്ദേഹം പറയുന്നു. കൊവിഡ് രോ​ഗികൾ ശുഭപ്രതീക്ഷയുള്ളവരായിരിക്കണമെന്നും സർക്കാരിനെയും ഡോക്ടർമാരെയും വിശ്വസിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'കൊവിഡ് 19 പോസിറ്റീവ് ആണെന്നറിഞ്ഞാൽ നിങ്ങൾ ഭയപ്പെടേണ്ട കാര്യമില്ല. ശുഭപ്രതീക്ഷയോടെ മുന്നോട്ട് പോകുക. സർക്കാരിനെയും ഡോക്ടർമാരെയും വിശ്വസിക്കുക. ഏത്  രോ​ഗം ബാധിച്ചാലും ശക്തനായിരിക്കുക, കൊവിഡ് 19 ബാധയ്ക്ക് മരുന്ന് കണ്ടെത്തിയിട്ടില്ല. എന്നാൽ ഡോക്ടർമാർ വളരെ വൈകാരികമായിട്ടാണ് രോ​ഗികളെ ശുശ്രൂഷിക്കുന്നത്.' രോഹിത് ദത്ത പറഞ്ഞു. കൊറോണയ്ക്കെതിരെ പോരാടുന്നവർ ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ നിരാശാ ജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.