ദില്ലി: 2011- ല്‍ ഒരു പൊതുപരുപാടിക്കിടെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്‍റെ അടിച്ച കേസിലെ പ്രതിയെ അഞ്ചുവര്‍ഷത്തിന് ശേഷം ദില്ലി പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. അര്‍വിന്ദര്‍ സിങാണ് അറസ്റ്റിലായത്.  2014- ല്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് ദില്ലി കോടതി പ്രഖ്യപിച്ചിരുന്നു. എന്നാല്‍ വിചാരണയ്ക്കിടെ അര്‍വിന്ദര്‍ സിങ് ഒളിവില്‍ പോകുകയായിരുന്നു. 

2011 നവംബര്‍ 24 ന് കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ശരദ് പവാര്‍ കൃഷി മന്ത്രിയായിരുന്നപ്പോഴാണ് ദില്ലി മുന്‍സിപ്പല്‍ കൗണ്‍സില്‍ ആസ്ഥാനത്തു വെച്ച് അര്‍വിന്ദര്‍ സിങ് പവാറിന്‍റെ അടിച്ചത്. ഒരു പൊതുപരിപാടിക്ക് ശേഷം സ്ഥലത്ത് നിന്ന് മടങ്ങുകയായിരുന്നു പവാര്‍. അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണവും അഴിമതിയും ആരോപിച്ചാണ് 36- കാരനായ സിങ് എന്‍സിപി അധ്യക്ഷനെ അടിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ തടഞ്ഞ് സ്ഥലത്ത് നിന്ന് നീക്കുന്നതിനിടെ അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ക്കുള്ള തന്‍റെ മറുപടിയാണിതെന്ന് സിങ് പറഞ്ഞു.

ഇയാള്‍ക്കതിരെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. ഐപിസി 323,353, 506,309 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് കേസില്‍ വിചാരണ തുടരുന്നതിനിടെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. അതേസമയം ജന്ദര്‍ മന്ദറില്‍ ജോലിക്കിടെ പൊലീസ് കോണ്‍സ്റ്റബിളിനെ ആക്രമിച്ച സംഭവത്തില്‍ അര്‍വിന്ദര്‍ സിങിനെതിരെ പാര്‍ലമെന്‍റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ മറ്റൊരു കേസുമുണ്ട്.