കൊച്ചി: നെടുമ്പാശേരി വിമാനത്തവളത്തിൽ പേസ്റ്റ് രൂപത്തിലാക്കിയ ഒരു കിലോ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി, കണ്ണൂർ പിണറായി സ്വദേശിയായ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു വരികയാണ്. കാൽ പാദത്തിൽ കെട്ടിവെച്ചാണ് സ്വർണ്ണം ദുബായിൽ നിന്ന് എത്തിച്ചത്. 27 ലക്ഷം വിലമതിക്കുന്ന സ്വർണമാണ് കണ്ടെടുത്തതെന്ന് എയര്‍ കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. 

ഇന്നലെ 71.5 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ട് മലയാളികള്‍ ചെന്നൈ വിമാനത്താവളത്തില്‍ പിടിയിലായിരുന്നു. എമിറേറ്റസ് വിമാനത്തില്‍ ദുബായില്‍ നിന്ന് എത്തിയ കോഴിക്കോട് സ്വദേശികളായ അമീര്‍ തെക്കുള്ളക്കണ്ടി, ഹാറൂണ്‍ നസര്‍ മോയത്ത് എന്നിവരാണ് കസ്റ്റംസ് പരിശോധനയില്‍ പിടിയിലായത്.

റബ്ബറിൽ പൊതിഞ്ഞ് ബെല്‍റ്റ് രൂപത്തില്‍ ജീന്‍സില്‍ തുന്നി ചേര്‍ത്താണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സ്വര്‍ണം റബറില്‍ പൊതിഞ്ഞ് ബെല്‍റ്റ് രൂപത്തില്‍ ജീന്‍സില്‍ തുന്നി ചേര്‍ത്തിരിക്കുകയായിരുന്നു. 1.82 കിലോ സ്വര്‍ണം ഇരുവരുടേയും ജീന്‍സില്‍ ഒളിപ്പിച്ചിരുന്നു. സംശയം തോന്നാതിരിക്കാന്‍ ബെല്‍റ്റ് ധരിക്കുന്ന ഭാഗത്ത് സ്വര്‍ണം ഒളിപ്പിച്ച് ഇതിന് മുകളില്‍ തുണി കൂടി തയ്ച്ച് ചേര്‍ത്തിരുന്നു. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.