തിഹാര്‍ ജയിലിലെ ആരാച്ചാരായി തന്നെ നിയമിക്കണമെന്നും നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ താന്‍ തയ്യാറാണെന്നും രാഷ്ട്രപതിക്ക് കത്തെഴുതി ഷിംല സ്വദേശി.  

ദില്ലി: തിഹാര്‍ ജയിലിലെ ആരാച്ചാരായി തന്നെ നിയമിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തെഴുതി ഷിംല സ്വദേശി. രവികുമാര്‍ എന്നയാളാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

തന്നെ തിഹാര്‍ ജയിലിലെ താല്‍ക്കാലിക ആരാച്ചാരായി നിയമിച്ചാല്‍ നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഉടന്‍ നടപ്പിലാക്കാമെന്നും നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കാന്‍ വേണ്ടിയാണ് താന്‍ താല്‍ക്കാലിക ആരാച്ചാരാകാന്‍ തയ്യാറായതെന്നും രവികുമാര്‍ കത്തില്‍ പറയുന്നു. രാജ്യത്തെ ഞെട്ടിച്ച നിര്‍ഭയ കേസിലെ പ്രതികളുടെ ശിക്ഷ നടപ്പാക്കാന്‍ തിഹാര്‍ ജയില്‍ അധികൃതര്‍ ആരാച്ചാരെ തേടുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഒരുമാസത്തിനുള്ളില്‍ പ്രതികള്‍ക്കുള്ള ശിക്ഷ നടപ്പാക്കുമെന്നാണ് ജയില്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.