Asianet News MalayalamAsianet News Malayalam

ഇംഫാലില്‍ വന്‍ സംഘര്‍ഷം: പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി, ഇന്‍റര്‍നെറ്റ് റദ്ദാക്കി

അഞ്ച് ദിവസത്തേക്കാണ് നിയന്ത്രണം. സംഘർഷം കണക്കിലെടുത്താണ് നടപടി.

Manipur government reimposes internet ban for the next 5 days SSM
Author
First Published Sep 26, 2023, 10:53 PM IST

ഇംഫാല്‍: മണിപ്പൂരിന്‍റെ തലസ്ഥാനമായ ഇംഫാലിൽ വൻ സംഘർഷം. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. നിരവധി പേർക്ക് പരിക്കേറ്റു. ഇതോടെ മണിപ്പൂരിൽ വീണ്ടും ഇന്‍റർനെറ്റ് സേവനം റദ്ദാക്കിയിരിക്കുകയാണ്.  അഞ്ച് ദിവസത്തേക്കാണ് നിയന്ത്രണം. സംഘർഷം കണക്കിലെടുത്താണ് നടപടി.

മെയ്തെയ് വിഭാഗത്തില്‍പ്പെട്ട രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു എന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് ഇംഫാലില്‍ വീണ്ടും സംഘര്‍ഷമുണ്ടായത്. കുട്ടികളുടെ മൃതദേഹം ഇതുവരെ ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ സിബിഐ അന്വേഷണം ഉള്‍പ്പെടെ നടക്കുന്നുണ്ട്. പിന്നാലെയാണ് ഇന്ന് രാത്രിയില്‍ സംഘർഷമുണ്ടായത്. 40 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. ഇതോടെയാണ് ഒക്ടോബര്‍ 1 വരെ ഇന്‍റര്‍നെറ്റ് റദ്ദാക്കിയത്. 

വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് സംബന്ധിച്ച കേസ് സിബിഐ അന്വേഷിക്കുന്നതിനിടെയാണ് കുട്ടികള്‍ മരിച്ച് കിടക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നത്. മെയ്തെയ് വിഭാഗക്കാരായ ഹിജാം ലിന്തോയ്‍ഗാമ്പി (17), ഫിജാം ഹെംജിത്ത് (20) എന്നി വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്. വിദ്യാര്‍ത്ഥികളുടെ കൊലപാതകത്തില്‍ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് ഉറപ്പ് നൽകി. 

വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെടുന്നതിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.  ഒരു ചിത്രത്തിൽ രണ്ട് വിദ്യാർത്ഥികൾ ഇരിക്കുന്നതാണുള്ളത്. അവർക്ക് പിന്നിൽ ആയുധധാരികളായ രണ്ട് പേര്‍ നില്‍ക്കുന്നു. പ്രചരിക്കുന്ന മറ്റൊരു ചിത്രത്തില്‍ രണ്ട് വിദ്യാർത്ഥികളുടെയും മൃതദേഹങ്ങളുടെ ചിത്രങ്ങളാണുള്ളത്. 

ജൂലൈ 6 ന് വിദ്യാര്‍ത്ഥികളെ കാണാതായതിന് പിന്നാലെ കുടുംബാംഗങ്ങൾ പരാതി നല്‍കിയിരുന്നു. അവരെ സുരക്ഷിതമായി വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ നിന്നുള്ളവർ കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തിരുന്നു.  പിന്നാലെയാണ് കുട്ടികളുടെ മൃതദേഹത്തിന്‍റെ ചിത്രം പ്രചരിച്ചത്.

സ്ഥിതി ശാന്തമെന്ന സർക്കാർ വാദത്തിന് കടകവിരുദ്ധമാണ് പുതുതായി പുറത്ത് വന്ന കാഴ്ചകളെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വിമര്‍ശിച്ചു. നുണ പറഞ്ഞ് രാജ്യം ചുറ്റുന്ന പ്രധാനമന്ത്രി മണിപ്പൂരിനെ ഉപേക്ഷിച്ചിരിക്കുകയാണ്. പുതിയ  ദൃശ്യങ്ങൾ ഇനിയും പുറത്ത് വരുമെന്ന് ഭയന്നാണ് വീണ്ടും ഇന്‍റർനെറ്റ് റദ്ദാക്കിയിരിക്കുന്നതെന്നും ജയറാം രമേശ് ആരോപിച്ചു.

Follow Us:
Download App:
  • android
  • ios