ഇംഫാല്‍: നീണ്ട 40 വര്‍ഷത്തെ അജ്ഞാതവാസത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തിയ മണിപ്പൂര്‍ സ്വദേശി മരിച്ച നിലയില്‍. മണിപ്പൂരിലെ ഇംഫാല്‍ വെസ്റ്റ് ജില്ല സ്വദേശിയായ ഖോംദ്രാം ഗംഭീര്‍ സിംഗിനെയാണ്(72) വീടിന് സമീപത്തെ പാലത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെക്കാലം വീട്ടുകാരുമായി ബന്ധമൊന്നും ഇല്ലാതിരുന്ന ഇയാള്‍ 2018ലാണ് ഗ്രാമത്തില്‍ തിരിച്ചെത്തിയത്. 

രാവിലെ നടക്കാനിറങ്ങിയ ആളുകളാണ് ഗംഭീര്‍ സിംഗിനെ മരിച്ച നിലയില്‍ കണ്ടത്. ഉടന്‍ ഇവര്‍ വിവരമറിയച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി. ഫോറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. മരണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടില്ല. 

മണിപ്പൂര്‍ റൈഫിള്‍സ് അംഗമായിരുന്ന ഗംഭീര്‍ സിംഗ് 1970കളിലാണ് സ്വന്തം ഗ്രാമത്തില്‍ നിന്ന് അപ്രത്യക്ഷനായത്. എന്നാല്‍ 2018 ഏപ്രിലില്‍ ഇയാളെ മുംബൈയിലെ തെരുവില്‍ കണ്ടെത്തി. ഗംഭീര്‍ സിംഗ് ഹിന്ദി ഗാനം പാടുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായതോടെയാണ് കുടുംബാംഗങ്ങള്‍ ഇയാളെ തിരിച്ചറിഞ്ഞത്. 2018 ഏപ്രില്‍ 19ന് നാട്ടില്‍ തിരിച്ചെത്തിയ ഗംഭീര്‍ സിംഗിന് ഊഷ്‌മള സ്വീകരണം ലഭിച്ചിരുന്നു. 

നാട്ടില്‍ തിരിച്ചെത്തിയ ഗംഭീര്‍ സിംഗ് സഹോദരനൊപ്പമാണ് താമസിച്ചിരുന്നത്. ഇതിനിടെയാണ് വീടിനടുത്തുള്ള പാലത്തില്‍ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.