സിബിഐ ആസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ദൈവം സിസോദിയക്ക് ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. 

ദില്ലി: ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ചോദ്യം ചെയ്യലിന് സിബിഐക്ക് മുന്‍പില്‍ ഹാജരായി. നൂറുകണക്കിന് പ്രവർത്തകർക്കൊപ്പം കാറിന് മുകളിൽ നിന്ന് അഭിവാദ്യം ചെയ്താണ് സിസോദിയ പോയത്. ഗാന്ധിജിയുടെ സമാധിസ്ഥലത്ത് പ്രാർത്ഥന നടത്തി പതിനൊന്ന് മണിയോടെയാണ് സിസോദിയ സിബിഐ ആസ്ഥാനത്തെത്തിയത്. അറസ്റ്റുണ്ടായാൽ വമ്പൻ പ്രതിഷേധത്തിന് ആംആദ്മി പാർട്ടി പ്രവർത്തകർ നഗരത്തിൽ പലയിടങ്ങളിലായി തമ്പടിച്ചിരിക്കുകയാണ്.

YouTube video player

ചോദ്യം ചെയ്യലിന് മുന്നോടിയായി സിബിഐ ആസ്ഥാനത്തിന് ചുറ്റും പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഒരു കിലോമീറ്റർ ചുറ്റളവിൽ ഗതാഗതം നിരോധിച്ചു. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും താൻ ഭഗത് സിംഗിന്‍റെ അനുയായിയെന്നും ഹാജരാകും മുൻപ് സിസോദിയ ട്വീറ്റ് ചെയ്തു. ദൈവം സിസോദിയക്ക് ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. 

ഇത് രണ്ടാം തവണയാണ് സിബിഐ സിസോദിയയെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ഒക്ടോബറിൽ സിസോദിയയെ സിബിഐ 9 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെ തന്നോട് ബിജെപിയിൽ ചേരാൻ സിബിഐ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെന്നും സിസോദിയ ആരോപിച്ചിരുന്നു.