പാറ്റ്ന: മുസഫര്‍പൂര്‍ ഷെല്‍റ്റര്‍ ഹോം കേസ് വിവാദമായതിനെത്തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്ന ജെഡിയു നേതാവ് മഞ്ജു വര്‍മ്മയ്ക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയം. ബെഗുസരായി ജില്ലയിലെ ചെരിയ ബരിയാര്‍പൂരില്‍ നിന്ന് മത്സരിച്ച മഞ്ജു 40,897 വോട്ടുകള്‍ക്കാണ് ആര്‍ജെഡിയിലെ രാജ് വന്‍ഷി മാഹ്തോയോട് പരാജയപ്പെട്ടത്. കുഷ്‍വാഹ ജാതിക്ക് മേല്‍ക്കൈയുള്ള മണ്ഡലത്തില്‍ നിന്ന്  അതേ ജാതിയില്‍ നിന്നുവരുന്ന മഞ്ജു വര്‍മ്മ 2010ലും 2015ലും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മുസഫര്‍പൂര്‍ ഷെല്‍റ്റര്‍ ഹോം കേസ് മുന്‍മന്ത്രിയുടെ പ്രതിച്ഛായക്ക് ഏല്‍പ്പിച്ച മങ്ങലിനെക്കുറിച്ച് ജെഡിയു നേതൃത്വം തിരിച്ചറിയുന്ന തെരഞ്ഞെടുപ്പ് ഫലം കൂടിയായി ഇത്തവണത്തേത്.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അഭയകേന്ദ്രത്തില്‍ 34 പെണ്‍കുട്ടികള്‍ ലൈംഗികാതിക്രമത്തിനും ബലാത്സംഗത്തിനും ഇരയാക്കപ്പെട്ടതായ കേസ് 2018ലാണ് മാധ്യമശ്രദ്ധ നേടുന്നത്. ആ സമയത്ത് ബിഹാര്‍ സാമൂഹികക്ഷേമ മന്ത്രിയായിരുന്ന മഞ്ജു വര്‍മ്മയുടെ ഭര്‍ത്താവ് ചന്ദ്രശേഖര്‍ വര്‍മ്മ അഭയകേന്ദ്രത്തിലെ നിത്യസന്ദര്‍ശകനായിരുന്നുവെന്ന് ആരോപിക്കപ്പെട്ടിരുന്നു. സിബിഐ അന്വേഷിച്ച കേസില്‍ 19 പ്രതികള്‍ കുറ്റക്കാരാണെന്ന് ദില്ലി സാകേത് കോടതി വിധിച്ചു. എന്നാല്‍ ചാര്‍ജ് ഷീറ്റില്‍ മഞ്ജു വര്‍മ്മയുടെയോ ചന്ദ്രശേഖര്‍ വര്‍മ്മയുടെയോ പേരുകള്‍ ഉണ്ടായിരുന്നില്ല. 

എന്നാല്‍ മറ്റൊരു കേസില്‍ മഞ്ജു വര്‍മ്മ ആറ് മാസത്തെ ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു. ചെരിയ ബരിയാര്‍പൂരിലെ വസതിയില്‍ നിന്ന് 50 വെടിയുണ്ടകള്‍ കണ്ടെടുക്കപ്പെട്ട കേസിലായിരുന്നു ഇത്. ആയുധ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസില്‍ ചന്ദ്രശേഖറും പ്രതിചേര്‍ക്കപ്പെട്ടിരുന്നു. 

മുസഫര്‍പൂര്‍ ഷെല്‍റ്റര്‍ ഹോം കേസില്‍  ആരോപണം ഉയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി നിതീഷ് കുമാറോ പാര്‍ട്ടിയോ തന്നെ പിന്തുണച്ചില്ലെന്ന് മഞ്ജു വര്‍മ്മ പരാതി പറഞ്ഞിരുന്നു. സംഭവം പുറത്തുകൊണ്ടുവന്നത് തന്‍റെ ഇടപെടലാണെന്നും അവര്‍ വാദമുയര്‍ത്തിയിരുന്നു. മന്ത്രിസ്ഥാനം രാജിവച്ചതിനു പിന്നാലെ ജെഡിയു പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കപ്പെട്ട മഞ്ജു വര്‍മ്മ വെടിയുണ്ടക്കേസില്‍ ജാമ്യം നേടി പുറത്തുവന്നതിനു ശേഷമാണ് രാഷ്ട്രീയവൃത്തങ്ങളില്‍ വീണ്ടും പ്രത്യക്ഷപ്പെടുന്നത്. പിന്നാലെ ഇത്തവണത്തെ സ്ഥാനാര്‍ഥിപ്പട്ടികയിലും ഇടംപിടിക്കുകയായിരുന്നു.