ദില്ലി: കടുത്ത പനിയെ തുടർന്ന് രണ്ട് ദിവസം മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻപ്രധാനമന്ത്രി ഡോ.മൻമോഹൻസിംഗ് വീട്ടിലേക്ക് മടങ്ങി. രണ്ട് ദിവസം മുൻപാണ് കടുത്ത പനിയെ തുടർന്ന് മുൻപ്രധാനമന്ത്രിയെ ദില്ലി എയിംസിൽ പ്രവേശിപ്പിച്ചത്. 

അദ്ദേഹത്തിൻ്റെ ആരോഗ്യനിലയെ സംബന്ധിച്ച് പല വാർത്തകളും പുറത്തു വന്നിരുന്നുവെങ്കിലും പനി മാത്രമാണുള്ളതെന്നും മറ്റു ആരോഗ്യപ്രശ്നങ്ങളില്ലെന്നും ദില്ലി എയിംസ് അധികൃതർ പിന്നീട് വ്യക്തമാക്കിയിരുന്നു. മുൻകരുതൽ നടപടിയുടെ ഭാഗമായി മൻമോഹൻ സിംഗിനെ കൊവിഡ് പരിശോധനയ്ക്കും വിധേയനാക്കിയിരുന്നു. പരിശോധന ഫലം നെഗറ്റീവായതോടെ ഇക്കാര്യത്തിലുള്ള ആശങ്ക ഒഴിഞ്ഞു

കൊവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ആശുപത്രിയിൽ അദ്ദേഹത്തിന് സന്ദർശകരെ അനുവദിച്ചിരുന്നില്ല. എന്നാൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളടക്കം രാജ്യത്തെ പല പ്രമുഖ നേതാക്കളും അദ്ദേഹം സൗഖ്യം നേ‍ർന്നിരുന്നു.  ഡികെ ശിവകുമാർ, ഒമർ അബ്ദുള്ള, ആദിത്യ താക്കറേ, സുപ്രിയ സുളെ തുടങ്ങി നിരവധി നേതാക്കൾ അദ്ദേഹത്തിന് ട്വിറ്ററിലൂട‌െ സുഖാശംസ നേർന്നു.