ദില്ലി: മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിംഗ് രാജ്യസഭയിലേക്ക് മത്സരിക്കുന്നു. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് മന്‍മോഹന്‍ രാജ്യസഭയില്‍ തിരിച്ചെത്തുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ മന്‍മോഹന്‍റെ രാജ്യസഭാ കാലാവധി അവസാനിച്ചിരുന്നു. തമിഴ്നാട്ടില്‍ നിന്ന് മന്‍മോഹനെ രാജ്യസഭയിലെത്തിക്കണമെന്ന ആവശ്യമുയര്‍ന്നെങ്കിലും ഫലം കണ്ടില്ല. ഇപ്പോള്‍ രാജസ്ഥാനില്‍ നിന്ന് മന്‍മോഹനെ രാജ്യസഭയിലെത്തിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്.

ഓഗസ്റ്റ് 13ന് അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.26 നാണ് തെരഞ്ഞെടുപ്പ് നടക്കുക. ഫലവും അന്ന് തന്നെ പുറത്തുവരും. ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന മദന്‍ലാല്‍ സെയ്‌നിയുടെ നിര്യാണത്തെതുടര്‍ന്നാണ് രാജസ്ഥാനില്‍ സീറ്റ് ഒഴിവ് വന്നത്. കഴിഞ്ഞ വര്‍ഷമാണ് സെയ്നി രാജ്യസഭ എം പിയായി തെരഞ്ഞെടുക്കപ്പെട്ടത്. രാജസ്ഥാന്‍ നിയമസഭയില്‍ ഭൂരിപക്ഷമുള്ളതിനാല്‍ മന്‍മോഹനെ അനായാലം വിജയിക്കാമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.

കഴിഞ്ഞ 28 വര്‍ഷമായി ആസാമില്‍ നിന്നുള്ള രാജ്യസഭ അംഗമായിരുന്നു മന്‍മോഹന്‍ സിംഗ്. 1991 ലാണ് അദ്ദേഹം ആദ്യമായി രാജ്യസഭയിലെത്തിയത്. രണ്ടാം മോദി സര്‍ക്കാരിനെതിരെ പ്രതിഷേധമുയര്‍ത്താന്‍ രാജ്യസഭയില്‍ മന്‍മോഹന്‍റെ സാന്നിധ്യം കരുത്താകുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്.