ദില്ലി: നവംബർ 14ന് പകരം ഡിസംബർ 26ന് ശിശുദിനം ആഘോഷിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത്. ദില്ലി ബിജെപി അധ്യക്ഷനും ലോക്സഭ എംപിയുമായ മനോജ് തിവാരിയാണ് ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചത്. സിഖ് മതത്തിന്റെ പത്താമത്തെ ഗുരുവായിരുന്ന ഗുരു ഗോബിന്ദ് സിംഗിന്റെ രണ്ട് മക്കളുടെ സ്മരണാർ‌ത്ഥമാണ് ശിശുദിനം ഡിസംബർ 26ലേക്ക് മാറ്റാൻ മനോജ് തിവാരി കത്തിലൂടെ ആവശ്യപ്പെട്ടത്.

"വലിയ ത്യാഗങ്ങൾ ചെയ്ത നിരവധി കുട്ടികൾ ഇന്ത്യയിലുണ്ട് എന്നാൽ, അവരിൽ നിന്നും ഗുരു ഗോബിന്ദ് സിംഗിന്റെ മക്കളായ സാഹിബ്സാദെ ഫത്തേഹ് സിംഗിന്റെയും സാഹിബ്സാദെ ജൊരാവർ സിംഗിന്റെയും ത്യാ​ഗം പരമപ്രധാനമാണ്. ധർമം സംരക്ഷിക്കാനായി പഞ്ചാബിലെ സർഹിന്ദിൽ വച്ച് അവർ ജീവത്യാഗം ചെയ്തത് 1705 ഡിസംബർ 26നാണ്"- മനോജ് തിവാരി കത്തിൽ പറയുന്നു.

അവരുടെ രക്തസാക്ഷിത്വ ദിനം ശിശുദിനമായി ആഘോഷിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും അവരുടെ ജീവത്യാഗം മറ്റ് കുട്ടികൾക്ക് പ്രചോദനമാകുമെന്നും മനോജ് തിവാരി കത്തിൽ ചൂണ്ടിക്കാട്ടുന്നു. “ഇതിൽ നമ്മുടെ കുട്ടികൾക്ക് അഭിമാനം തോന്നും, അത് അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും,” മനോജ് തിവാരി കത്തിൽ കുറിച്ചു. അതേസമയം, ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മനോജ് തിവാരിയുടെ പരാമർശം എന്നത് ശ്രദ്ധേയമാണ്.