ദില്ലി/ മുംബൈ: രാജ്യത്ത് ആഭ്യന്തര വിമാന സര്‍വ്വീസുകൾ വീണ്ടും തുടങ്ങിയെങ്കിലും ആദ്യ ദിനം കടുത്ത ആശയക്കുഴപ്പമാണ് കണ്ടത്. ദില്ലിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങളിൽ 82 എണ്ണം യാത്രക്കാരുടെ കുറവ് കാരണം റദ്ദാക്കി. റദ്ദാക്കിയതിൽ കൊച്ചിയിലേക്കുള്ള വിമാനവും ഉണ്ട്. ഒരു മുന്നറിയിപ്പുമില്ലാതെയാണ് വിമാനങ്ങൾ റദ്ദാക്കിയതെന്ന് കാണിച്ച് മുംബൈ അടക്കമുള്ള വിമാനത്താവളങ്ങളിൽ യാത്രക്കാർ പ്രതിഷേധിക്കുകയും ചെയ്തു.

62 ദിവസത്തിന് ശേഷമാണ് ആഭ്യന്തര യാത്രക്കാര്‍ക്കായി വിമാനത്താവളങ്ങൾ തുറന്നത്. യാത്രക്കാരുടെ കുറവ് മൂലം ദില്ലിയിൽ 190ൽ 82 വിമാനങ്ങൾ റദ്ദാക്കിയത് ആദ്യദിവസം തന്നെ വലിയ ആശയക്കുഴപ്പമുണ്ടാക്കി. ചില സംസ്ഥാനങ്ങൾ ഏഴ് മുതൽ 14 ദിവസം സര്‍ക്കാര്‍ നിരീക്ഷണം നിര്‍ബന്ധമാക്കിയതിനാൽ നിരവധി പേര്‍ ടിക്കറ്റുകൾ റദ്ദാക്കി. മാത്രമല്ല, പല സംസ്ഥാനങ്ങളും പുറത്ത് നിന്ന് യാത്രക്കാരെ കൊണ്ടുവന്ന് ഇറക്കുന്നതിൽ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇവയെല്ലാമാണ് വിമാനങ്ങൾ മുടങ്ങാൻ കാരണമായതെന്നാണ് സൂചന. യാത്ര മുടങ്ങിയ മറ്റ് യാത്രക്കാര്‍ക്ക് അടുത്ത ദിവസങ്ങളിൽ സൗകര്യമൊരുക്കുമെന്നാണ് വിമാനക്കമ്പനികൾ പറയുന്നത്. 

ദില്ലിയിൽ അവസാനനിമിഷം വെബ് ചെക്കിൻ ചെയ്ത് എത്തിയവർക്കാണ് വിമാനത്താവളത്തിലെത്തിയപ്പോൾ വിമാനം റദ്ദാക്കിയെന്ന അറിയിപ്പ് ലഭിക്കുന്നത്. ടെർമിനൽ 3 വഴി മാത്രമാണ് ദില്ലിയിൽ യാത്രക്കാരെ പ്രവേശിപ്പിക്കുന്നത്. ആഭ്യന്തരയാത്രക്കാർക്കുള്ള മറ്റ് ടെർമിനലുകൾ അടച്ചിട്ടിരിക്കുകയാണ്. ഇന്ന് ദില്ലിയിൽ നിന്ന് യാത്ര പുറപ്പെടേണ്ടിയിരുന്നത് 125 സർവീസുകളാണ്. വന്നിറങ്ങേണ്ടത് 118 സർവീസുകളും. ദില്ലിയിൽ നിന്ന് പുറപ്പെടേണ്ടതിലെ 82 ഫ്ലൈറ്റുകളാണ് റദ്ദാക്കപ്പെട്ടത്.

മുംബൈ വിമാനത്താവളത്തിൽ ആദ്യദിനം ആകെ 50 സർവീസുകൾ മാത്രമേയുണ്ടാകൂ എന്ന് യാത്രക്കാർക്ക് അവസാനനിമിഷമാണ് മുന്നറിയിപ്പ് കിട്ടിയത്. 25 എണ്ണം വന്നിറങ്ങുന്നതും, 25 സർവീസുകൾ മുംബൈയിൽ നിന്ന് പുറപ്പെടുന്നതും. നേരത്തേ ആഭ്യന്തരവിമാനസർവീസുകൾ തുടങ്ങുന്നതിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള ഫ്ലൈറ്റ് സർവീസ് നടത്തിയിട്ടുണ്ട്.

0iljiokg

ദില്ലിയിൽ നിന്ന് പുനെയ്ക്കുള്ള ഫ്ലൈറ്റാണ് പുലർച്ചെ നാലേമുക്കാലിന് ആദ്യം പുറപ്പെട്ടത്. പട്നയിലേക്കുള്ള ഫ്ലൈറ്റാണ് മുംബൈയിൽ നിന്ന് രാവിലെ ആറേമുക്കാലോടെ പുറപ്പെട്ടത്. എല്ലാ ക്രമീകരണങ്ങളും അനുസരിച്ച്, ചട്ടങ്ങൾ പാലിച്ച് ലഗ്ഗേജുമായി എത്തിയ നിരവധി യാത്രക്കാർ വിമാനത്താവളങ്ങളിൽ പെട്ടു. മുംബൈയിൽ നിന്ന് ദില്ലിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന, റദ്ദാക്കിയ വിമാനത്തിലെ യാത്രക്കാർ, സ്ത്രീകളടക്കം വിമാനത്താവളത്തിന് പുറത്തിരുന്ന് പ്രതിഷേധിച്ചു.

''ദില്ലിക്ക് പോവേണ്ടതായിരുന്നു. വിമാനത്താവളത്തിലെത്തിയപ്പോഴാണ് വിമാനം റദ്ദാക്കിയെന്ന് അറിയിപ്പ് ലഭിക്കുന്നത്. എയർ ഇന്ത്യയുടെ കസ്റ്റമർ കെയറിൽ ചോദിച്ചപ്പോൾ ഇന്ന് രാത്രി ഒരു വിമാനം പോകുന്നുണ്ടെന്നും, അതിൽ ദില്ലിയിലേക്ക് പോകാൻ ചിലപ്പോൾ ഷെഡ്യൂൾ മാറ്റി കിട്ടിയേക്കുമെന്നുമാണ് പറയുന്നത്. ഒന്നിനും ഒരുറപ്പുമില്ല. അത് വരെ ഇവിടെ ഇരിക്കാനാണ് തീരുമാനം'', എന്ന് ഒരു യാത്രക്കാരി.

ചെന്നൈ വിമാനത്താവളത്തിലും സമാനമായ രംഗങ്ങളാണ് അരങ്ങേറിയത്. ചെന്നൈയിൽ നിന്ന് മുംബൈയ്ക്ക് പോകേണ്ടിയിരുന്ന വിശ്വനാഥൻ എന്ന യാത്രക്കാരന് അവസാനനിമിഷം മാത്രമാണ് വിമാനം റദ്ദാക്കിയെന്ന മുന്നറിയിപ്പ് കിട്ടിയത്. ''മാർച്ച് 15 മുതൽ ഞങ്ങളിവിടെ കുടുങ്ങിക്കിടക്കുകയാണ്. മൂന്ന് ടിക്കറ്റുകളാണ് മുംബൈയ്ക്ക് ബുക്ക് ചെയ്തിരുന്നത്. ഇവിടെയെത്തിയപ്പോഴാണ് റദ്ദാക്കിയ വിവരമറിഞ്ഞത്. എന്താണിനി വേണ്ടതെന്ന് ചോദിക്കാനൊരു ഹെൽപ് ഡസ്ക് പോലം ഇവിടെയില്ല. ഇനി ഞങ്ങളെന്താണ് വേണ്ടത്?'', വിശ്വനാഥൻ ചോദിക്കുന്നു. 

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള നിരവധി വിമാനസർവീസുകളാണ് മുടങ്ങിയത്. അസമിലെ ഗുവാഹത്തിയിലേക്കും, മണിപ്പൂരിലെ ഇംഫാലിലേക്കും മാത്രമാണ് വിമാനങ്ങൾ സർവീസ് നടത്തിയത്. അഗർത്തല, ദിബ്രുഗഢ്, സിൽച്ചാർ, ഐസ്‍വാൾ, ദിമാപൂർ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ മുടങ്ങി. കൊൽക്കത്ത വിമാനത്താവളം ഇനിയും തുറക്കാത്തതിനെത്തുടർന്നാണിതെന്ന് എയർപോർട്ട് അതോറിറ്റി അറിയിച്ചു. 'ഉംപുൺ' ചുഴലിക്കാറ്റിനെത്തുടർന്ന് അടച്ച കൊൽക്കത്ത വിമാനത്താവളത്തിൽ വ്യാപക അറ്റകുറ്റപ്പണികൾ ആവശ്യമായതിനാൽ എയർപോർട്ട് അതോറിറ്റിയോട് വീണ്ടും തുറന്ന് പ്രവർത്തിക്കുന്നതിന് കൂടുതൽ സമയം തേടിയിരിക്കുകയാണ്. 

ബെംഗളുരുവിലെ കെംപഗൗഡ വിമാനത്താവളത്തിൽ നിന്നും 9 വിമാനങ്ങൾ ഇന്ന് റദ്ദാക്കി. ഇന്ന് മുതലാണ് ആഭ്യന്തരവിമാനസർവീസുകൾ രാജ്യത്ത് പറക്കാനാരംഭിച്ചത്. ഇതുവരെ അന്താരാഷ്ട്ര വിമാനങ്ങൾ, വന്ദേഭാരത് മിഷന്‍റെ ഭാഗമായി പറന്നതൊഴിച്ചാൽ, സർവീസ് നടത്തിയിട്ടില്ല. അന്താരാഷ്ട്ര വിമാനസർവീസുകൾ ജൂണിൽ തുടങ്ങിയേക്കാമെന്ന് വ്യോമയാനമന്ത്രി ഹർദീപ്സിംഗ് പുരി അറിയിച്ചിരുന്നു. 

ഓണ്‍ ലൈൻ ബോഡിംഗ് പാസുമായി എത്തിയവരെ  സിഐ.എസ്.എഫ് പ്രത്യേക ഷീൽഡിന് അപ്പുറത്ത് നിന്ന് പരിശോധിച്ചാണ് വിമാനത്താവളത്തിലേക്ക് കടത്തിവിട്ടത്. എല്ലാവരുടെയും മൊബൈലിൽ ആരോഗ്യസേതു ആപ്ലിക്കേഷനുണ്ടോ എന്ന് പരിശോധിച്ചു. പതിവിലുമധികം നേരമെടുത്താണ് ഓരോരുത്തരുടെയും പരിശോധന പൂർത്തിയാക്കിയത്. എല്ലാവരെയും തെർമൽ സ്ക്രീനിംഗിന് വിധേയരാക്കി. ബാഗുകളിൽ അണുനാശിനി തളിച്ചു. വിമാനത്തിനുള്ളിൽ മാസ്കിന് പുറമെ ഫേസ് ഷീൽഡും നിര്‍ബന്ധമാക്കിയിട്ടുണ്ട്. അവ വിമാന കമ്പനികൾ വിതരണം ചെയ്യും. പിപിഇ കിറ്റ് ധരിച്ചെത്തിയ യാത്രക്കാരുമുണ്ടായിരുന്നു.

രോഗവ്യാപന തോത് ഉയർന്നു നില്ക്കുമ്പോഴാണ് വിമാന സര്‍വ്വീസുകൾ കൂടി തുടങ്ങുന്നത്. പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു. ആദ്യ ആഴ്ച എണ്ണായിരത്തിലധികം വിമാന സര്‍വ്വീസുകളാണ് നിശ്ചയിച്ചിരിക്കുന്നത്. അടുത്ത ആഴ്ച മുതൽ വിമാനങ്ങളുടെ എണ്ണം കൂട്ടാനും ആലോചനയുണ്ട്.