ഗുവാഹത്തി: ലോകമാകെ കൊവിഡ് 19 വൈറസിനെതിരെയുള്ള പോരാട്ടത്തിലാണ്. രോഗബാധയെ നേരിടാനുള്ള വാക്സിന്‍ കണ്ടെത്താന്‍ ശാസ്ത്രലോകം കഠിനമായ പരിശ്രമത്തിലാണ്. എന്നാല്‍, ഇതിനിടെ അസമിലെ ചില നാട്ടുകാര്‍ കൊറോണയെ ദേവി ആയി ആരാധിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. അസമിലെ സ്ത്രീകള്‍ 'കൊറോണ ദേവീപൂജ' നടത്തുന്നതിന്‍റെ ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഈ മഹാമാരി പടരുന്നത് അവസാനിപ്പിക്കാന്‍ 'കൊറോണ ദേവീപൂജ' കൊണ്ട് മാത്രമെ സാധിക്കുകയുള്ളൂ എന്നാണ് ഇവരുടെ വിശ്വാസം.

ബിശ്വനാഥ് ചരിയാലി മുതല്‍ ദാരംഗ് ജില്ലയിലും ഗുവാഹത്തിയിലടക്കം ഈ പൂജ നടന്നുവെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ബിശ്വനാഥ് ചരിയാലിയില്‍ നദിക്കരയില്‍ ശനിയാഴ്ചയാണ് 'കൊറോണ ദേവീപൂജ' നടത്തിയത്. ''ഞങ്ങള്‍ കൊറോണ മായെ പൂജിക്കുകയാണ്. പൂജ കഴിയുമ്പോള്‍ കാറ്റ് വന്ന് വൈറസിനെ തകര്‍ത്തു കളയുമെന്ന്  'കൊറോണ ദേവീപൂജ' നടത്തിയ ഒരു സ്ത്രീ പറഞ്ഞു.

ഇന്നലെ മാത്രം 81 പേര്‍ക്കാണ് അസമില്‍ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,324 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ പുതുതായി റിപ്പോർട്ട് ചെയ്തത് 9971 കൊവിഡ് കേസുകളാണ്. ലോക്ക്ഡൗൺ അഞ്ചാം ഘട്ടം തുടങ്ങി ഒരാഴ്ച തികയുമ്പോൾ ആണ് ദിനം പ്രതിയുടെ കൊവിഡ് കേസുകളുടെ വ‍ർധന പതിനായിരത്തിൽ എത്തുന്നത്.

ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം രണ്ടരലക്ഷത്തോട് അടുക്കുകയാണ്. ഞായറാഴ്ച രാവിലെ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്കുകൾ പ്രകാരം ഇതുവരെ 2,46,628 കൊവിഡ് കേസുകളാണ് ഇന്ത്യയിൽ ഇതുവരെ റിപ്പോ‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ 287 പേ‍ർ കൊവിഡ് ബാധിതരായി ഇന്ത്യയിൽ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 6929 ആയി ഉയർന്നു.