മധുര: പാലക്കാട് അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് മണിവാസകത്തിന്റെ മൃതദേഹം കാണാൻ ബന്ധുക്കൾക്ക് അനുമതി. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റേതാണ് വിധി. മണിവാസകത്തിന്റെ ഭാര്യ കല നൽകിയ ഹർജിയിലാണ് ഉത്തരവ്.

ഭാര്യയ്ക്കും മറ്റ് ബന്ധുക്കൾക്കും തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി  മൃതദേഹം കാണാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഇപ്പോൾ മറ്റൊരു കേസിൽ തിരുച്ചിറപ്പള്ളി ജയിലിൽ തടവിൽ കഴിയുകയാണ് മാവോയിസ്റ്റ് നേതാവായിരുന്ന മണിവാസകത്തിന്റെ ഭാര്യ. ഇവരുടെ മകളും ഇതേ ജയിലിൽ തടവിലാണ്.

തിരുച്ചിറപ്പള്ളി ജയിലിലുള്ള കലയെ മൃതദേഹം കാണാൻ അനുവദിക്കാതെ പൊലീസിന്റെ തുടർ നടപടി പാടില്ലെന്ന് മധുര ബെഞ്ചിന്റെ വിധിയിൽ വ്യക്തമാക്കുന്നു. മഞ്ചിക്കണ്ടിയിൽ കൊല്ലപ്പെട്ടവർ ആരൊക്കെ എന്നറിയാനുള്ള ശ്രമങ്ങൾ കേരളം ആരംഭിച്ചു. ഇവരുടെ ചിത്രങ്ങൾ കർണ്ണാടക, തമിഴ്‌നാട് പൊലീസ് സേനകൾക്ക് അയച്ചുകൊടുത്തു.

ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വരുന്നത് വരെ തുടർ നടപടികൾ ഉണ്ടാകില്ല. കർണ്ണാടകത്തിന്റെയും തമിഴ്‌നാടിന്റെയും ഭാഗത്ത് നിന്ന് പ്രതികരണം ലഭിച്ചശേഷം മാത്രമേ തുടര്‍നടപടികള്‍ ഉണ്ടാവുകയുള്ളൂ. അതുവരെ നാല് മൃതദേഹങ്ങളും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മേര്‍ച്ചറിയില്‍ സൂക്ഷിക്കും.

അതേസമയം മഞ്ചിക്കണ്ടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ബന്ധുക്കള്‍ റീ പോസ്റ്റ്‌മോർട്ടം എന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്. റീപോസ്റ്റുമോര്‍ട്ടം വേണമെന്നതാണ് ഒരു ആവശ്യം. കൊല്ലപ്പെട്ട കാര്‍ത്തിയുടെയും മണിവാസകന്‍റെയും ബന്ധുക്കള്‍ ഈ ആവശ്യമുന്നയിച്ച് ഇന്ന് പാലക്കാട് കോടതിയെ സമീപിക്കും. ഇവര്‍ തൃശ്ശൂരിൽ നിന്ന് പാലക്കാട്ടേക്ക് തിരിച്ചിട്ടുണ്ട്. ഇന്‍ക്വസ്റ്റ് മുതലുള്ള നടപടികള്‍, യാതൊരു നടപടിക്രമങ്ങളും പാലിക്കാതെയാണ് നടത്തിയിരിക്കുന്നതെന്നാണ് ഇവരുടെ ആരോപണം.

ഇന്നലെ രാവിലെ മുതല്‍ ബന്ധുക്കള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയ്ക്കു മുമ്പിലുണ്ടായിരുന്നു. എന്നാല്‍ മൃതദേഹം കാണാൻ ഇവർക്ക് അനുവാദം ലഭിച്ചില്ല.