ദില്ലി: രാജ്യത്തെ മാവോയിസ്റ്റ് മേഖലകളില്‍ സുരക്ഷാസേനയുടെ നീക്കം ചോര്‍ത്താന്‍ മാവോയിസ്റ്റുകൾ കുട്ടികളെ ഉപയോഗിക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ. കുട്ടികള്‍ക്ക് മാവോയിസ്റ്റുകള്‍ ആയുധപരിശീലനം നല്‍കുന്നതായും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയെ അറിയിച്ചു.

ദൈനംദിന കാര്യങ്ങൾ നോക്കാനും ഭക്ഷണം പാചകം ചെയ്യാനും അവശ്യസാധനങ്ങള്‍ കൊണ്ടുപോകാനുമാണ് മാവോയിസ്റ്റുകള്‍ കുട്ടികളെ ഉപയോഗിക്കുന്നത്. ഇത് കൂടാതെ സൈനിക നീക്കത്തിന്‍റെ രഹസ്യങ്ങള്‍ ചോര്‍ത്താനും മാവോയിസ്റ്റുകൾ കുട്ടികളെ ഉപയോ​ഗിക്കുന്നുണ്ടെന്നും നിത്യാനന്ദ് റായ് പറഞ്ഞു. കുട്ടികളെ മാവോയിസ്റ്റുകള്‍ ഉപയോഗിക്കുന്നതിനെതിരെ അതത് സംസ്ഥാനങ്ങളില്‍ നിയമനടപടി തുടങ്ങിയിട്ടുണ്ട്. ഇത്തരം നീക്കങ്ങള്‍ ചെറുത്ത് തോല്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരും ശ്രമം നടത്തുന്നുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദീകരിക്കുന്നു.

രാജ്യത്ത് 35 ജില്ലകളിലായാണ് 90 ശതമാനം മാവോയിസ്റ്റുകളും ഉള്ളതെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്‍റെ കണക്ക്. ഇതില്‍ ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് കേന്ദ്രങ്ങളില്‍ നിന്നാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവരുന്നത്. ഇവിടുത്ത കുട്ടികളെ മാവോയിസ്റ്റുകള്‍ ഉപയോഗിക്കുന്നു എന്ന റിപ്പോര്‍ട്ടാണ് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിക്കുന്നത്.

കഴിഞ്ഞ 20 വര്‍ഷത്തിനിടെ 2700 സുരക്ഷാ സൈനികരടക്കം 12000 പേര്‍ മാവോയിസ്റ്റ് ആക്രമണങ്ങളില്‍ രാജ്യത്ത് കൊല്ലപ്പെട്ടെന്നാണ് കണക്ക്. 9300 സാധാരണക്കാരെയും മാവോയിസ്റ്റുകള്‍ ഈ കാലയളവില്‍ വധിച്ചിട്ടുണ്ട്. നാട്ടുകാരില്‍ ചിലര്‍ പൊലീസിന് വിവരം കൈമാറുന്നു എന്നാരോപിച്ചായിരുന്നു മാവോയിസ്റ്റുകള്‍ സാധാരണക്കാരെ കൊലപ്പെടുത്തിയത്.