ഛത്തീസ്​ഗണ്ഡ്: ഛത്തീസ്​ഗ‍ണ്ഡിലെ ദന്തേവാദ ജില്ലയിൽ 12 മാവോയിസ്റ്റുകൾ കീഴടങ്ങിയതായി റിപ്പോർട്ട്. ഇവരിൽ അഞ്ചുപേർക്ക് പൊലീസ് ആറ് ലക്ഷം രൂപ തലയ്ക്ക് വിലയിട്ടവരുമുണ്ട്. ദന്തേവാദ ജില്ലയിൽ ലോക്കൽ പൊലീസ് നടത്തുന്ന പുനരധിവാസ പദ്ധതിയിൽ ആകൃഷ്ടരാണെന്നും പൊള്ളയായ മാവോയിസ്റ്റ് പ്രത്യയശാസ്ത്രങ്ങളിൽ നിരാശരാണെന്നും ഇവർ പറഞ്ഞതായി ദന്തേവാദ പൊലീസ് സൂപ്രണ്ട് അഭിഷേക് പല്ലവ പിടിഐയോട് പറഞ്ഞു. ദന്തേവാദ എംഎൽഎ ദേവ്തി കർമ്മയുടെ സാന്നിദ്ധ്യ‍ത്തിലാണ് ഇവർ കീഴടങ്ങിയത്.

കീഴടങ്ങിയവരിൽ ഒരാളായ ചന്തുറാം സേതിയ മൂന്ന് മാവോയിസ്റ്റ് അക്രമണങ്ങളിൽ ഉൾപ്പെട്ടയാളാണ്. 23 പൊലീസ് ഉദ്യോ​ഗസ്ഥർ കൊല്ലപ്പെട്ട  2008ലെ ഭുസറാസ് ചിങ്ങവം അക്രമത്തിൽ ഇയാളുണ്ടായിരുന്നു. സേതിയയുടെ തലയ്ക്ക് രണ്ട് ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നതെന്ന് സൂപ്രണ്ട് പല്ലവ പറഞ്ഞു. കീഴടങ്ങിയവരിൽ നാലുപേരായ ലഖ്മു ഹെംല, സുനിൽ ടാതി, മനു മാണ്ഡവി, മൈഥുറാം ബർസ എന്നിവരുചെ തലയ്ക്ക് ഓരോ ലക്ഷം രൂപ വീതമാണ് പാരിതോഷികം. അവശേഷിക്കുന്നവർ മാവോയിസ്റ്റ് ​ഗ്രൂപ്പുകളിൽ സജീവമായി പ്രവർത്തിക്കുന്നവരാണ്. 

പൊള്ളയായ മാവോയിസ്റ്റ് ആശയങ്ങളിൽ നിരാശരാണെന്ന് കീഴടങ്ങിയ 12 പേരും ഒരേ സ്വരത്തിൽ പറയുന്നു. മാത്രമല്ല, നിങ്ങളുടെ ​ഗ്രാമത്തിലേക്ക് തിരികെ മടങ്ങുക എന്ന പദ്ധതിയിൽ ഇവർ ആകൃഷ്ടരാകുകയും ചെയ്തിട്ടുണ്ട്. സൂപ്രണ്ട് വ്യക്തമാക്കി. കീഴടങ്ങുന്ന മാവോയിസ്റ്റുകൾ വേണ്ടി സർക്കാർ ആവിഷ്കരിച്ചിരിക്കുന്ന പദ്ധതി പ്രകാരം സൗകര്യങ്ങൾ ഏർപ്പെടുത്തും. ഇപ്പോഴത്തെ 12 പേർ ഉൾപ്പെടെ 82 മാവോയിസ്റ്റുകൾ ഇതുവരെ കീഴടങ്ങിയിട്ടുണ്ടെന്നും സൂപ്രണ്ട് അഭിഷേക് പല്ലവ പറഞ്ഞു.