ദില്ലി: പൗരത്വ നിയമ ഭേദഗതിക്ക് എതിരെയുള്ള പ്രക്ഷോഭങ്ങൾ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ തുടരുന്നു. ഇന്ന് അസമിലെ എല്ലാ ജില്ലകളിലും ഓൾ അസം സ്റ്റുഡന്‍റ്സ് യൂണിയൻ സർക്കാർ ഓഫീസുകളിലേക്ക് മാർച്ച് നടത്തും. ഞായറാഴ്ച സിനിമാ താരങ്ങളും സാമൂഹ്യ പ്രവർത്തകരും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. തിങ്കളാഴ്ച വീണ്ടും സെക്രട്ടേറിയറ്റ് മാർച്ച് നടത്താനും ഓൾ ഇന്ത്യാ സ്റ്റുഡൻറ്സ് യൂണിയൻ തീരുമാനിച്ചിട്ടുണ്ട്.

അർധ സൈനിക വിഭാഗങ്ങൾക്ക് പുറമെ കരസേനയേയും ക്രമസമാധാന പ്രശ്നങ്ങൾ നേരിടാൻ വിന്യസിച്ചിരിക്കുകയാണ്. കഴിഞ്ഞ നാല് ദിവസമായി ബന്ദിന് സമാനമായ പ്രതീതിയായിരുന്നു അസമിൽ. ഇന്നു വൈകീട്ടോടെ ഇന്‍റർനെറ്റ് നിയന്ത്രണങ്ങൾ പിൻവലിച്ചേക്കുമെന്നാണ് സൂചന. പെട്രോൾ പമ്പുകള്‍ അടക്കമുള്ള അവശ്യ കേന്ദ്രങ്ങളും ഇന്നുമുതൽ പ്രവർത്തിച്ചേക്കും. ബില്ലിനെ ചൊല്ലി അസം സർക്കാരിനകത്തും വലിയ ഭിന്നതയാണ് ഉയരുന്നത് .

ബംഗാളിലും പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രക്ഷോഭം തുടരുകയാണ്. മുര്‍ഷിദാബാദ് ജില്ലയിലെ ബെല്‍ഡംഗയില്‍ പ്രക്ഷോഭകാരികള്‍ റെയില്‍വേ സ്റ്റേഷന് തീയിടുകയും റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുകയും ചെയ്‍തു. റെയില്‍വേ സ്റ്റേഷന് സമീപത്തുകൂടെ പോകുകയായിരുന്ന സമരക്കാര്‍ പെട്ടെന്ന് സ്റ്റേഷന്‍റെ അകത്തേക്ക് കയറി മൂന്ന് കെട്ടിടങ്ങള്‍ക്ക് തീയിടുകയും തടയാന്‍ എത്തിയ സുരക്ഷ ഉദ്യോഗസ്ഥരെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തെന്ന് സീനിയര്‍ സുരക്ഷ ഓഫിസര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

പ്രക്ഷോഭത്തെ തുടര്‍ന്ന് മുര്‍ഷിദാബാദ് ജില്ലയിലെ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.  ഹൗറയിലെ ഉലുബേറിയ റെയില്‍വേ സ്റ്റേഷനില്‍ ട്രാക്ക് തടയുകയും ട്രെയിനുകള്‍ക്ക് കേടുവരുത്തുകയും ചെയ്തു. ലോക്കോ പൈലറ്റിനും മര്‍ദ്ദനമേറ്റു. കൊല്‍ക്കത്തയിലും അക്രമമരങ്ങേറി. മിഡ്നാപൂരില്‍ ബിജെപി സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി സായന്തന്‍ ബസുവിന്‍റെ കാറിന് നേരെ ആക്രമണമുണ്ടായി. പൊലീസെത്തിയാണ് അദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. 

പ്രക്ഷോഭം നടത്തുവരോട് സമാധാനം പാലിക്കാന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഗവര്‍ണര്‍ ജഗദീപ് ധന്‍ഖറും ആവശ്യപ്പെട്ടു. അതേ സമയം, സംസ്ഥാന സര്‍ക്കാര്‍ ആക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. ദില്ലിയിലും സമരം ശക്തമാകുകയാണ്. പ്രക്ഷോഭവുമായി രംഗത്തെത്തിയ ജാമിയ മിലിയ സര്‍വകലാശാലയിലെ അമ്പതോളം വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അസമില്‍ പ്രക്ഷോഭകാരികളെ നേരിടാന്‍ കൂടുതല്‍ പൊലീസുകാരെ രംഗത്തിറക്കി.