തിരുവനന്തപുരം: ജമ്മു കാശ്മീരില്‍ മൈന്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ വീരമൃത്യു വരിച്ച പുനലൂര്‍ അറയ്ക്കല്‍ സ്വദേശി അഭിജിത്തിന്‍റെ കുടുംബത്തിന് പത്തു ലക്ഷം രൂപ നൽകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും തുക അനുവദിക്കാന്‍ മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. 

അഭിജിത്തിന്‍റെ സഹോദരിക്ക് സര്‍ക്കാര്‍ ജോലിയും കുടുംബത്തിന് വീട് നിർമ്മിച്ച് നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.  ആയൂർ ഇടയം ആലുംമൂട്ടിൽ കിഴക്കേതിൽ പ്രഹ്ലാദന്റെയും ശ്രീകലയുടെയും മകനായിരുന്നു പി എസ് അഭിജിത്ത്. 25 മദ്രാസ് റജിമെന്റിൽ അംഗമായിരുന്നു. കസ്തൂരിയാണ് സഹോദരി.

ജമ്മുകശ്മീരിലെ ബാരാമുള്ളയിൽ പട്രോളിങ്ങിനിടെ കുഴിബോംബ് പൊട്ടിയാണ് ജവാൻ പി എസ് അഭിജിത്ത് (22) കൊല്ലപ്പെട്ടത്. ആയൂർ ഇടയത്തെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. തിരുവനന്തപുരം പാലോട് മിലിട്ടറി ക്യാംപിലെത്തിച്ച അഭിജിത്തിന്‍റെ മൃതദേഹം സേനാംഗങ്ങളുടെ അകമ്പടിയോടെയാണ് അഞ്ചലിലെ ഇടയത്തെത്തിച്ചത്.