ദില്ലി: കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ദുരിതത്തിന്റെയും കഷ്ടപ്പാടുകളുടെയും കാഴ്ചകൾ മാത്രമേ കാണാനും കേൾക്കാനും സാധിക്കുന്നുള്ളൂ. എന്നാൽ ഈ ദുരിതങ്ങൾക്കിടയിലും ചിലയിടങ്ങളിൽ നിന്നെങ്കിലും നല്ല വാർത്തകളും എത്തിച്ചേരുന്നുണ്ട്. നന്മ വറ്റാത്തവർ‌ ഇനിയും ബാക്കിയുണ്ടെന്ന് തെളിയിക്കുകയാണ് ദില്ലിയിൽ നിന്നുള്ള പപ്പൻ സിം​ഗ് കർഷകൻ. 

ദില്ലിയിലെ ടി​ഗിപൂർ ​ഗ്രാമത്തിലുള്ള ഇദ്ദേഹം കൂൺ കർഷകനാണ്. തനിക്കൊപ്പം  ജോലി ചെയ്യുന്ന തൊഴിലാളികളെ  നാട്ടിലെത്തിക്കാൻ സ്വന്തം ചെലവിലാണ് ഇദ്ദേഹം വിമാന ടിക്കറ്റ് എടുത്ത് കൊടുത്തത്. ബീഹാറിൽ നിന്നുള്ള അതിഥി തൊഴിലാളികളായ പത്ത് പേരെ നാട്ടിലെത്തിക്കാൻ 70000 രൂപയാണ് പപ്പൻ സിം​ഗ് ചെലവഴിച്ചത്. കൂടാതെ കഴിഞ്ഞ രണ്ട് മാസമായി ഇവരുടെ ഭക്ഷണവും താമസവുമുൾപ്പെടെയുള്ള ചെലവുകളെല്ലാം വഹിച്ചതും ഇദ്ദേഹം തന്നെയാണ്. കൂട്ടത്തിലൊരാളായ ലഖ്‍വീന്ദർ റാം ഇരുപത് വർഷമായി പപ്പൻ സിം​ഗിനൊപ്പം ജോലി ചെയ്യുന്നു. ആദ്യമായിട്ടാണ് വിമാനത്തിൽ യാത്ര ചെയ്യാൻ പോകുന്നതെന്ന് ഇയാൾ വെളിപ്പെടുത്തുന്നു. 

'വിമാനത്തിൽ യാത്ര ചെയ്യാൻ സാധിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല. എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകളില്ല. നാളെ എയർപോർട്ടിലെത്തുന്ന സമയത്ത് എന്തൊക്കെ ചെയ്യണമെന്ന കാര്യമോർക്കുമ്പോൾ തന്നെ ആശങ്ക തോന്നുന്നു.' മകനൊപ്പം നാട്ടിലേക്ക് തിരികെ പോകാനൊരുങ്ങുന്ന ലഖ്‍വീന്ദർ പറയുന്നു. ''അവർ തിരികെ നാട്ടിലേക്ക് പോകുന്ന സമയത്ത് എന്തെങ്കിലും മോശമായത് സംഭവിച്ചാൽ എനിക്കൊരിക്കലും അത് സഹിക്കാൻ കഴിയില്ല. അതുകൊണ്ടാണ് അവരെ വിമാനത്തിൽ സുരക്ഷിതമായി വീട്ടിലെത്തിക്കാമെന്ന് കരുതിയത്. എന്റെ സ്വന്തക്കാരാണ് അവർ.'' പപ്പൻ സിം​ഗ് എൻഡിടിവിയോട് സംസാരിക്കവേ പറഞ്ഞു. 

കൂൺ കൃഷിയിൽ നിന്ന് ഒരു വർഷം 12 ലക്ഷം രൂപ വരെയാണ് പപ്പൻ സിം​ഗിന് ലഭിക്കുന്നത്. തനിക്കൊപ്പമുള്ള തൊഴിലാളികളാണ് ഇത്രയും ലാഭം ലഭിക്കാൻ കാരണക്കാർ എന്നാണ് ഈ കർഷകന്റെ നിലപാട്. അതുകൊണ്ട് തന്നെയാണ് തന്റെ തൊഴിലാളികളെ കുടുംബാം​ഗങ്ങളെപ്പോലെ ഇദ്ദേഹം കണക്കാക്കുന്നത്. എയർപോർട്ടിൽ നിന്നും ഇവരുടെ ​ഗ്രാമമായ സഹർസയിലേക്ക് എത്താൻ ബസും ഏർപ്പെടുത്തിയതായി പപ്പൻ സിം​ഗിന്റെ സ​ഹോദരൻ സുനീത് സിം​ഗ് കൂട്ടിച്ചേർത്തു. പല സംസ്ഥാനങ്ങളിൽ നിന്നായി ആയിരത്തോളം അതിഥി തൊഴിലാളികളാണ് ടി​ഗിപൂർ ജില്ലയിൽ ജോലി ചെയ്യുന്നത്.