ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോ വാസ്കുലാർ സയൻസസ് ആന്റ് റിസർച്ചിൽ 24 മണിക്കൂറിനിടെ മരിച്ചത് 11 രോഗികൾ. ഹൃദ്രോഗത്തിന് ചികിത്സ തേടിയെത്തിയ 77 രോഗികളിൽ 11 രോഗികളാണ് ഇന്നലെ രാവിലെ എട്ടിനും ഇന്ന് രാവിലെ എട്ടിനും ഇടയിൽ മരിച്ചത്.
ബെംഗളൂരു: കർണാടക സർക്കാരിന് കീഴിലുള്ള ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോ വാസ്കുലാർ സയൻസസ് ആന്റ് റിസർച്ചിൽ 24 മണിക്കൂറിനിടെ മരിച്ചത് 11 രോഗികൾ. ഹൃദ്രോഗത്തിന് ചികിത്സ തേടിയെത്തിയ 77 രോഗികളിൽ 11 രോഗികളാണ് ഇന്നലെ രാവിലെ എട്ടിനും ഇന്ന് രാവിലെ എട്ടിനും ഇടയിൽ മരിച്ചത്. ആശുപത്രി അധികൃതരുടെ വീഴ്ചയാണ് കൂട്ടമരണത്തിന് കാരണമെന്ന് ആരോപിച്ച് രോഗികളുടെ കൂട്ടിരുപ്പുകാർ രംഗത്തെത്തി.
സാമൂഹിക മാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിച്ച ദൃശ്യങ്ങളാണ് മൈസൂരുവിലെ ശ്രീ ജയദേവ ആശുപത്രിയിലെ രോഗികളുടെ കൂട്ടമരണ വാർത്ത പുറത്തെത്തിച്ചത്. ഇന്നലെ രാവിലെ എട്ടിനും ഇന്ന് രാവിലെ എട്ടിനും ഇടയിലാണ് ഹൃദ്രോഗത്തിന് ചികിത്സ തേടിയവരിൽ 11 പേർ മരിച്ചത്. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുള്ള അനാസ്ഥയാണ് കൂട്ടമരണത്തിന് കാരണമെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇന്നലെ രാത്രി ഐസിയുവിൽ ഡോക്ടർമാർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ല എന്നും കൂട്ടിരിപ്പുകാർ ആരോപിച്ചു.
ഡോക്ടർമാരുടെ ക്ഷാമം ഇവിടെയുണ്ട്. അഞ്ച് ജില്ലകളിലുള്ളവരുടെ ആശ്രയമായിട്ടും അതിഗുരുതരാവസ്ഥയിലെത്തുന്ന രോഗികളുടെ എണ്ണം കൂടുതലായിട്ടും അധികൃതർ വീഴ്ച വരുത്തിയെന്നാണ് ആരോപണം. അതേസമയം ഈ ആരോപണങ്ങൾ തള്ളുകയാണ് ആശുപത്രി സൂപ്രണ്ടന്റ് ഡോ. സദാനന്ദ. ഏറ്റവും ഗുരുതരാവസ്ഥയിലുള്ള രോഗികളാണ് ഇവിടെ എത്തുന്നത് എന്നുള്ളതിനാൽ മരണ നിരക്ക് ഉയരുന്നത് സ്വാഭാവികം മാത്രമാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. കഴിഞ്ഞ 17 ദിവസത്തിനിടെ 64 മരണം ഇവിടെ ഉണ്ടായിട്ടുണ്ടെന്നും ജൂൺ 9ന് 8 പേർ മരിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ദിവസം ശരാശരി 6 മുതൽ 7 മരണം വരെ ഇവിടെ പതിവാണെന്ന് വാദിക്കുമ്പോഴും ഇന്നലെ 11 മരണമുണ്ടായില്ലേ എന്ന ചോദ്യത്തിന് മുന്നിൽ ഉത്തരം മുട്ടി നിൽക്കുകയാണ് അധികൃതർ. സംസ്ഥാന സർക്കാരിന്റെ കീഴിൽ ഓട്ടോണമസ് പദവിയുള്ള ഈ ആശുപത്രിയിലെ കൂട്ടമരണം സർക്കാരിനെതിരായ ആയുധമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം.

