രാജ്യത്ത് ടെലഗ്രാം മെസേജിങ് ആപ്ലിക്കേഷന് നിയന്ത്രണം ഏർപ്പെടുത്തിയ നടപടിയെ വിമർശിച്ച് കേന്ദ്ര സർക്കാർ. അടുത്ത നിരോധനം വാട്സ്ആപ്പിനാണോ എന്ന് ചോദിച്ച രാഹുൽ ഗാന്ധി, കള്ളനെ പിടിക്കുന്നതിന് പകരം ഇരയുടെ വീടിന് പൂട്ടിടുന്ന നടപടിയാണിതെന്നും വിമർശിച്ചു.
ദില്ലി: നീറ്റ് യുജി പുനപരീക്ഷയ്ക്ക് മുന്നോടിയായി മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കള്ളനെ പിടിക്കുന്നതിന് പകരം ഇരയുടെ വീടിന് പൂട്ടിടുക എന്ന് പറയുന്നതുപോലെ ആണ് കേന്ദ്രത്തിൻ്റെ നടപടിയെന്ന് രാഹുൽ പരിഹസിച്ചു. ടെലഗ്രാം നിരോധനം പ്രായോഗികമല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
"കള്ളനെ പിടിക്കുന്നതിന് പകരം ഇരയുടെ വീടിന്റെ വാതിലിൽ പൂട്ടിടുക എന്ന് പറയുന്നതുപോലെ ആണ് കേന്ദ്രത്തിൻ്റെ പുതിയ നടപടി. ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് നോട്ടുകൾക്കും ടെസ്റ്റ് സീരീസുകൾക്കും ചർച്ചകൾക്കും പരീക്ഷാ തയ്യാറെടുപ്പുകൾക്കുമായി ടെലഗ്രാമിനെ ആശ്രയിക്കുന്നത്. ആ സൗകര്യം തട്ടിയെടുക്കുന്നത് എങ്ങനെയാണ് പേപ്പർ ചോർച്ചയ്ക്കുള്ള പരിഹാരമാകുന്നത്? ഇത് ഒട്ടും പ്രായോഗികമല്ല"- രാഹുൽ ഗാന്ധി പറഞ്ഞു.
അടുത്ത നിരോധനം വാട്സാപ്പിനാണോ എന്നും രാഹുൽ ഗാന്ധി ചോദിച്ചു. പരീക്ഷാ ദിവസം വിദ്യാർത്ഥികളെ വിശദമായി പരിശോധിക്കും. പോക്കറ്റുകൾ കത്രിക ഉപയോഗിച്ച് വെട്ടിമാറ്റും. ചോദ്യപേപ്പറുകൾ വ്യോമസേന ഉദ്യോഗസ്ഥർ മുഖേന അയയ്ക്കും. ഇങ്ങനെ നാടകീയതകൾക്ക് ഒട്ടും കുറവുണ്ടാകില്ല. എന്നാൽ രോഗത്തിന്റെ വേരറുക്കാൻ ഒരൊറ്റ നടപടിയുമില്ല. ഈ സർക്കാരിന്റെ മൂക്കിന് താഴെയാണ് പേപ്പർ ചോർച്ചാ മാഫിയ തഴച്ചുവളരുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
"മോദി ജീ, ഈ നാടകങ്ങൾ അവസാനിപ്പിക്കൂ. വിദ്യാർത്ഥികളെയല്ല, മാഫിയയെയാണ് അടിച്ചമർത്തേണ്ടത്. വിദ്യാർത്ഥികളുടെ ശബ്ദം കേൾക്കൂ, ഇല്ലെങ്കിൽ തങ്ങളുടെ അവകാശങ്ങൾ എങ്ങനെ പിടിച്ചുവാങ്ങണമെന്ന് ഈ നാട്ടിലെ യുവാക്കൾക്ക് നന്നായി അറിയാം"- രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. ഈ മാസം 21ന് നടക്കുന്ന നീറ്റ് യുജി പുനപരീക്ഷയ്ക്ക് മുന്നോടിയായി 22വരെ ആണ് കേന്ദ്ര സർക്കാർ ടെലഗ്രാമിന് നിയന്ത്രണം ഏർപ്പെടുത്തിയത്.


