ഫണ്ടമെന്റൽ റൂൾ 56(j) പ്രകാരമുള്ള സവിശേഷ അധികാരം ഉപയോഗിച്ചാണ് അഡ്മിനിസ്ട്രേഷന്റെ അടിയന്തര നടപടി. കവരത്തിയിലെ സെക്രട്ടേറിയറ്റ് സർവീസ് സെക്ഷനിനാണ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവുകൾ പുറത്തിറങ്ങി.

കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് കീഴിലെ വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന 47 ജീവനക്കാരെ സർവീസിൽ നിന്ന് നിർബന്ധിതമായി വിരമിപ്പിച്ചു . ഫണ്ടമെന്റൽ റൂൾ (FR) 56(j) പ്രകാരമുള്ള സവിശേഷ അധികാരം ഉപയോഗിച്ചാണ് അഡ്മിനിസ്ട്രേഷന്റെ ഈ അടിയന്തര നടപടി. കവരത്തിയിലെ സെക്രട്ടേറിയറ്റ് സർവീസ് സെക്ഷനിനാണ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവുകൾ പുറത്തിറങ്ങിയത്. വിവിധ ദ്വീപുകളിലെ 37 മൾട്ടി ടാസ്കിങ് സ്റ്റാഫ് , 6 അപ്പർ ഡിവിഷൻ ക്ലർക്ക് , 3 ലോവർ ഡിവിഷൻ ക്ലർക്ക് , ഒരു സ്റ്റെനോഗ്രാഫർ എന്നിവരുൾപ്പെടെയുള്ള ജീവനക്കാരാണ് ഈ കൂട്ടനടപടിക്ക് ഇരയായത്. ഈ വർഷത്തെ രണ്ടാമത്തെ കൂട്ട പിരിച്ചുവിടലാണിത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

33 വർഷം സർവീസ് കഴിഞ്ഞവർ, 56 വയസ്സ് തികഞ്ഞവർ എന്നിങ്ങനെ തരം തിരിച്ചാണ് പിരിച്ചുവിടൽ. പൊതുതാൽപ്പര്യം മുൻനിർത്തിയാണ് ഈ നടപടിയെന്നാണ് അഡ്മിനിസ്ട്രേഷന്റെ ഔദ്യോഗിക വിശദീകരണം. ജീവനക്കാരുടെ ഇതുവരെയുള്ള സേവന റെക്കോർഡുകൾ വിലയിരുത്താൻ രൂപീകരിച്ച പ്രത്യേക റിവ്യൂ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് തീരുമാനം.ഉത്തരവ് കൈപ്പറ്റുന്ന തീയതി മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് നടപടിയെങ്കിലും, പിരിച്ചുവിടപ്പെട്ട ജീവനക്കാർക്ക് നോട്ടീസ് കാലാവധിക്ക് പകരമുള്ള മൂന്ന് മാസത്തെ ശമ്പളവും അലവൻസുകളും ലഭിക്കും. കൂടാതെ, നിലവിലുള്ള ചട്ടങ്ങൾക്കനുസൃതമായ പെൻഷൻ ആനുകൂല്യങ്ങൾക്ക് ഇവർ അർഹരായിരിക്കുമെന്നും സ്പെഷ്യൽ സെക്രട്ടറി പദ്മാകർ റാം ത്രിപാഠി പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു. അഡ്മിനിസ്ട്രേഷന്റെ പെട്ടെന്നുള്ള ഈ തീരുമാനം ദ്വീപ് ജീവനക്കാർക്കിടയിലും പൊതുസമൂഹത്തിലും വലിയ ആശങ്കകൾക്കാണ് വഴിവെച്ചിട്ടുള്ളത്.