ബംഗളൂരു: മണിക്കൂറുകളോളം പൊരിവെയിലത്തും പെരുമഴയത്തുമെല്ലാം നില്‍ക്കേണ്ടി വരുന്ന വിഭാഗമാണ് ട്രാഫിക് പോലീസുകാര്‍. ബംഗളൂരു പോലെയുളള തിരക്കേറിയ നഗരത്തിലാണെങ്കില്‍ ട്രാഫിക് പോലീസുകാരുടെ ജോലി ഇരട്ടിയാണെന്നു പറയാം. തുടര്‍ച്ചയായ ഗതാഗത കുരുക്കുകളും വാഹന നിയന്ത്രണവും റോഡ് നിയമങ്ങള്‍ പാലിക്കാതെ വണ്ടിയോടിച്ച് വരുന്നവരെ പിടികൂടുന്ന ജോലിയും കൂടി കഴിയുന്നതോടെ ഇവരുടെ കൈകാലുകള്‍ പണിമുടക്കിതുടങ്ങും. 

ഈയൊരു സാഹചര്യത്തില്‍ ബംഗളൂരുവിലെ ട്രാഫിക് പോലീസ് സ്റ്റേഷനുകളില്‍ വനിതകളുള്‍പ്പെടെയുളള പോലീസുകാര്‍ക്ക് മസാജ് ചെയ്തുകൊടുക്കുന്ന പദ്ധതി നടപ്പിലാക്കിയിരിക്കുകയാണ് അധികൃതര്‍. ബംഗളൂരു ട്രാഫിക് പോലീസ് കമ്മീഷണര്‍ ഭാസ്‌കര്‍ റാവുവും ജോയിന്റ് കമ്മീഷണര്‍ ബി ആര്‍ രവികാന്ത ഗൗഡയും ചേര്‍ന്നാണ് പുതിയ പദ്ധതിയ്ക്കു തുടക്കമിട്ടത്. ഇതു പ്രകാരം നഗരത്തിലെ മുഴുവന്‍ ട്രാഫിക് ഇന്‍സ്‌പെക്ടര്‍മാരോടും ആവശ്യത്തിന് ഉഴിച്ചിലുകാരെ കണ്ടെത്താന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. 

മല്ലേശ്വരം ട്രാഫിക് പോലീസ് സ്റ്റേഷനിലാണ് മസാജ് പദ്ധതിയ്ക്കു തുടക്കം. ആയുര്‍വേദ പ്രകാരം  ഉഴിച്ചിലു നടത്തുന്ന ദിനേഷ് ബാബു എന്നയാളെയാണ് പോലീസുകാര്‍ ഇതിനായി സമീപിച്ചത്. ''ഒന്നിലേറെ പേര്‍ക്ക് മസാജ് ആവശ്യമുണ്ടെങ്കിലാണ് ദിനേഷ് ബാബുവിനെ വിളിക്കുന്നത്. കാലുകള്‍ മസാജ് ചെയ്യണമെങ്കില്‍ 150 രൂപയും ഫുള്‍ ബോഡി മസാജാണെങ്കില്‍ 250 രൂപയും നല്‍കണം. ഫുള്‍ ബോഡി മസാജിനു ഇവിടെ സൗകര്യം കുറവാണ്. ചില സന്ദര്‍ഭങ്ങളില്‍ ശ്രീരാംപുരത്തുളള ദിനേഷിന്റെ മസാജ് സെന്ററിലും പോകാറുണ്ട്. ആദ്യ ദിവസം തന്നെ 25 പോലീസുകാരാണ് സ്റ്റേഷനില്‍ ഉഴിച്ചില്‍ നടത്തിയത്. അധിക സമയം നില്‍ക്കേണ്ടി വരുന്നതിനാല്‍ ഇവിടെയുളള പലരും കണങ്കാലുകളിലും കാല്‍മുട്ടുകളിലുമെല്ലാം വേദനയുണ്ടെന്ന പരാതിക്കാരാണ്. ഇവര്‍ക്കെല്ലാം മസാജ് സൗകര്യം പ്രയോജനപ്പെടുത്താമല്ലോ''- മല്ലേശ്വരം ഹെഡ് കോണ്‍സ്റ്റബിള്‍ (ട്രാഫിക്) ധനഞ്ജയ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

മല്ലേശ്വരത്തെ പിന്തുടര്‍ന്ന് പിന്നീട് പീനിയ,രാജാജിനഗര്‍,യശ്വന്തപുരം, ബനശങ്കരി, ജാലഹള്ളി തുടങ്ങിയ സ്റ്റേഷനുകളിലെ പോലീസുകാരും മസാജ് പ്രയോജനപ്പെടുത്തിക്കഴിഞ്ഞു. ഇവിടങ്ങളിലെ 135 ഓളം പോലീസുകാര്‍ക്ക് ദിനേഷ് ബാബു തന്നെയാണ് മസാജ് ചെയ്തുകൊടുക്കുന്നത്്്. 

''ദിവസം എട്ടു മുതല്‍ 10 മണിക്കൂറുകളോളം നില്‍ക്കേണ്ടി വരുന്നവരാണ് ട്രാഫിക് പോലീസുകാര്‍. ഇതവരുടെ ആരോഗ്യനിലയെ പ്രതികൂലമായി ബാധിക്കുന്നുണ്ട് . മസാജ് ചെയ്യുന്നതു വഴി ശരീരത്തിനും അതുപോലെ മനസ്സിനും ഉന്‍മേഷം നിലനിര്‍ത്താന്‍ സഹായിക്കുമെന്നു മാത്രമല്ല ജോലിയിലുളള കാര്യക്ഷമത വര്‍ദ്ധിക്കുകയും ചെയ്യും. നഗരത്തിലെ സര്‍ക്കാര്‍ അധീനതയിലുളള ആയുര്‍വേദ സെന്ററുകളുമായി ധാരണയിലെത്തി പോലീസുകാര്‍ക്ക് കുറഞ്ഞ നിരക്കില്‍ മസാജ് ലഭ്യമാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്. ''രവികാന്ത ഗൗഡ പറഞ്ഞു. 

രണ്ടാഴ്ച്ച മുമ്പ് തുടങ്ങിയ ഉഴിച്ചില്‍ പദ്ധതി ഇപ്പോള്‍ വനിതാ ട്രാഫിക് പോലീസുകാര്‍ക്കും ലഭ്യമാക്കിയിരിക്കുകയാണ്. വനിതാ പോലീസുകാര്‍ക്ക് കാല്‍പാദങ്ങള്‍ക്കു മാത്രമാണ് മസാജ്. നിലവില്‍ ദിനേഷ് ബാബുതന്നെയാണ് വനിതാപോലീസുകാര്‍ക്കും ഉഴിച്ചില്‍ നടത്തുന്നത്. മല്ലേശ്വരം ,ജാലഹള്ളി പോലീസ് സ്റ്റേഷനുകളിലായി ഇതിനകം 13 ഓളം വനിതാ പോലീസുകാരും മസാജ് പ്രയോജനപ്പെടുത്തിക്കഴിഞ്ഞു.