ഛത്തീസ്ഗഡിൽ വൻ മാവോയിസ്റ്റ് വേട്ട. രണ്ടിടങ്ങളിലായി നടത്തിയ ഓപ്പറേഷനിൽ 14 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. അതേസമയം, തെലുങ്കാനയിൽ മാവോയിസ്റ്റ് നേതാവ് ബർസ ദേവ കീഴടങ്ങി.
ദില്ലി: ഛത്തീസ്ഗഡിൽ സുരക്ഷാസേനയുടെ നേതൃത്വത്തിൽ വൻ മാവോയിസ്റ്റ് വേട്ട. രണ്ടിടങ്ങളിലായി നടത്തിയ ഓപ്പറേഷനിൽ 14 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. സുക്മയിലെ വനപ്രദേശത്ത് നടന്ന ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകളെയും ബിജപ്പൂരിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ടു മാവോയിസ്റ്റുകളെയും വധിച്ചു. സുക്മയിൽ വധിച്ച മാവോയിസ്റ്റുകളുടെ കൂട്ടത്തിൽ മാവോയിസ്റ്റ് നേതാവ് മങ്ഡുവും ഉൾപ്പെടുന്നു. ഇന്നലെയാണ് ഡിസ്ട്രിക്ട് റിസർവ് ഗാർഡിന്റെ നേതൃത്വത്തിൽ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചത്. അതേസമയം തെലുങ്കാനയിൽ മാവോയിസ്റ്റ് നേതാവ് ബർസ ദേവ കീഴടങ്ങി. തെലങ്കാന ഡിജിപി ശിവധർ റെഡ്ഡിക്ക് മുന്നിലാണ് ബർസ കീഴടങ്ങിയത്. കൊല്ലപ്പെട്ട മാവോയിസ്റ്റ് കമാൻഡർ ഹിദ്മയുടെ അടുത്ത അനുയായിയായിരുന്നു ബർസ.

