വിജയ്‍യും വൈക്കോയും തമ്മിലുള്ള കൂടിക്കാഴ്ചക്കിടെയുണ്ടായ രസകരമായ നിമിഷങ്ങളാണ് വൈറലായിരിക്കുന്നത്. വൈക്കോയുടെ വീട്ടിലെ ജോലിക്കാർ വിജയ്‍യെ കണ്ട് ആവേശഭരിതരാകുകയും തങ്ങൾ ടി വി കെ പാർട്ടിക്കാണ് വോട്ട് ചെയ്തതെന്ന് പരസ്യമായി പറയുകയും ചെയ്തത് ചിരി പടർത്തി.

ചെന്നൈ: എം ഡി എം കെ അധ്യക്ഷൻ വൈകോയുടെ വസതിയിൽ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് നടത്തിയ സന്ദർശനം രാഷ്ട്രീയ വൃത്തങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും വലിയ ചർച്ചയായി മാറുകയാണ്. വിജയ്‍യും വൈക്കോയും തമ്മിലുള്ള കൂടിക്കാഴ്ചക്കിടെയുണ്ടായ രസകരമായ നിമിഷങ്ങളാണ് വൈറലായിരിക്കുന്നത്. വൈക്കോയുടെ വീട്ടിലെ ജോലിക്കാർ വിജയ്‍യെ കണ്ട് ആവേശഭരിതരാകുകയും തങ്ങൾ ടി വി കെ പാർട്ടിക്കാണ് വോട്ട് ചെയ്തതെന്ന് പരസ്യമായി പറയുകയും ചെയ്തത് ചിരി പടർത്തി. ഡി എം കെയുടെ സഖ്യകക്ഷിയാണ് വൈക്കോയുടെ എം ഡി എം കെ. സ്റ്റാലിന്റെ പാർട്ടിയുടെ ചിഹ്നത്തിൽ ആണ് വൈക്കോയുടെ നാല് സ്ഥാനാർഥികൾ മത്സരിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

തന്‍റെ വീട്ടിലെ ജോലിക്കാർ 'വിസിൽ' (ടി വി കെ യുടെ തെരഞ്ഞെടുപ്പ് ചിഹ്നം) അടയാളത്തിൽ വോട്ട് ചെയ്തെന്ന് വൈക്കോ വിജയ്‍യോട് പറയുന്നത് വീഡിയോയിൽ കാണാം. രാഷ്ട്രീയ നേതാവ് എന്നതിലുപരി തങ്ങളുടെ പ്രിയതാരത്തെ നേരിട്ട് കണ്ട ആവേശത്തിലായിരുന്നു വൈക്കോയുടെ വീട്ടിലെ ജോലിക്കാർ. അവരിൽ ചിലർ വിജയിയുടെ കാൽ തൊട്ട് വന്ദിച്ചു. അവർക്കൊപ്പം നിന്ന് ഫോട്ടോ എടുത്താണ് വിജയ് മടങ്ങിയത്. താൻ വൈക്കോയുടെ വലിയ ആരാധകനാണെന്ന് വിജയ് വെളിപ്പെടുത്തി. വൈക്കോയുടെ പ്രസംഗപാടവത്തെയും രാഷ്ട്രീയ പക്വതയെയും വിജയ് പ്രശംസിച്ചു. വിക്രവാണ്ടിയിലെ തന്റെ ആദ്യ രാഷ്ട്രീയ പ്രസംഗത്തിന് തയ്യാറെടുക്കുമ്പോൾ വൈക്കോയുടെ പ്രസംഗങ്ങൾ പലതവണ ആവർത്തിച്ച് കണ്ടിരുന്നതായും വിജയ് പറഞ്ഞു. രാഷ്ട്രീയത്തിലെ മാന്യതയുടെയും പക്വതയുടെയും അടയാളമാണ് വിജയ്‍യുടെ സന്ദർശനമെന്ന് വൈക്കോയും പ്രതികരിച്ചു.

വൈക്കോയുടെ മകന്‍റെ പ്രതികരണം

വീട്ടിലെ ജോലിക്കാർ വിജയ്‍യെ കണ്ട സംഭവത്തിൽ പ്രതികരണവുമായി വൈക്കോയുടെ മകൻ ദുരൈ വൈക്കോ രംഗത്തെത്തി. വിജയ് വരുമ്പോൾ കാണാനാകുമോ എന്ന് ജോലിക്കാർ ചോദിച്ചിരുന്നു. കാണാമെന്ന് വിജയ് പറഞ്ഞു. തന്റെ മകൾ പോലും വിസിലിനാണ് വോട്ട് ചെയ്തതെന്ന് വിജയ്‍യോട് പറഞ്ഞെന്നും ദുരൈ വെളിപ്പെടുത്തി.

മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം എം കെ സ്റ്റാലിൻ, ഉദയനിധി സ്റ്റാലിൻ അടക്കം സംസ്ഥാനത്തെ പ്രമുഖ നേതാക്കളുമായി വിജയ് കൂടിക്കാഴ്ച നടത്തി. ആരോഗ്യകരമായ രാഷ്ട്രീയ സംസ്‌കാരം വളർത്തുന്നതിന് വിജയ്‍യുടെ ഈ നീക്കങ്ങൾ സഹായിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. സാധാരണക്കാരായ വോട്ടർമാർക്കിടയിൽ ടി വി കെക്ക് വലിയ സ്വാധീനമുണ്ടെന്നതിന്റെ തെളിവാണ് വൈറലായ ഈ വീഡിയോയെന്ന് കോൺഗ്രസ് എം പി മാണിക്കം ടാഗോർ ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടി.

അടുത്തിടെ നടന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ 35 ശതമാനം വോട്ട് വിഹിതത്തോടെ 108 സീറ്റുകൾ നേടിയാണ് വിജയ്‍യുടെ തമിഴക വെട്രി കഴകം ഏറ്റവും വലിയ ഒറ്റകക്ഷിയായത്. ഭരണകക്ഷിയായിരുന്ന ഡി എം കെക്ക് 25 ശതമാനം വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. എ ഐ എ ഡി എം കെയുടെ വോട്ട് വിഹിതം 22 ശതമാനത്തിലേക്ക് താഴുകയും ചെയ്തു. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകൾ തികഞ്ഞില്ലെങ്കിലും കോൺഗ്രസ്, വി സി കെ, ഇടതുപക്ഷ പാർട്ടികൾ എന്നിവരുടെ പിന്തുണയോടെയാണ് വിജയ് സർക്കാർ രൂപീകരിച്ചത്. ചെന്നൈ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കഴിഞ്ഞ ദിവസമാണ് തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തത്. കേവലം രണ്ട് വർഷം മാത്രം പ്രായമുള്ള ഒരു പാർട്ടി സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ ശക്തിയായി മാറിയത് തമിഴ് രാഷ്ട്രീയത്തിൽ വലിയ അമ്പരപ്പുണ്ടാക്കി.

Scroll to load tweet…