അഹമ്മദാബാദ്: പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷങ്ങള്‍ക്ക് മോടി കൂട്ടാന്‍ വേണ്ടി മാത്രമാണ് നര്‍മ്മദാ നദിയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തി നിര്‍ത്തിയതെന്ന ആരോപണവുമായി സാമൂഹ്യ പ്രവര്‍ത്തക മേധാ പട്‍കര്‍. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് നര്‍മ്മദാ നദിയിലെ ജലസംഭരണി ആദ്യമായി നിറഞ്ഞത്. എന്നാല്‍ ഇതിനായി സര്‍ദാര്‍ സരോവര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തിയതോടെ നൂറിലധികം ഗ്രാമങ്ങള്‍ മുങ്ങിപ്പോയെന്നും മേധാ പട്‍കര്‍ ആരോപിച്ചു. 

ഗുജറാത്ത് മുഖ്യമന്ത്രിയും മറ്റ് ഉദ്യോഗസ്ഥരും അണക്കെട്ടിലെ ജലനിരപ്പ് 139 മീറ്ററായി ഉയര്‍ത്തിയത് നര്‍മ്മദാ നദിക്കരയിലെ മോദിയുടെ ജന്മദിനാഘോഷങ്ങള്‍ക്ക് വേണ്ടി മാത്രമാണ്. മോദിക്ക് ദീര്‍ഘായുസ് ആയിരിക്കട്ടെ പക്ഷേ രാജ്യത്തോടുള്ള ഉത്തരവാദിത്തങ്ങള്‍ മനസിലാക്കാന്‍ സാധിക്കുന്ന രീതിയില്‍ ജീവിക്കാന്‍ അദ്ദേഹത്തിന് സാധിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതെന്നും മേധാ പട്‍കര്‍ പറയുന്നു. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോടാണ് മേധാ പട്‍കറിന്‍റെ പ്രതികരണം. മോദിയുടെ ജന്മദിനം ബാധിക്കപ്പെട്ടവരുടെ പേരില്‍ ദുഖാചരണം നടത്തിയെന്നും മേധ കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍ 30ന് അണക്കെട്ട് നിറയുമെന്നാണ് വിജയ് റൂപാണി സര്‍ക്കാര്‍ ആദ്യം അറിയിച്ചിരുന്നത്. പിന്നീട് എങ്ങനെയാണ് അത് സെപ്തംബര്‍ 30 ഓടെ നിറയുമെന്ന് അറിയിപ്പ് ലഭിച്ചു. പക്ഷേ എങ്ങനെയാണ് സെപ്തംബര്‍ 17ന് തൊട്ടുമുമ്പ് എങ്ങനെയാണ് അണക്കെട്ട് നിറഞ്ഞത്. ആയിരക്കണക്കിന് ജനങ്ങളാണ് ഒരാളുടെ ആനന്ദത്തിന് വേണ്ടി ബാധിക്കപ്പെട്ടതെന്നും മേധ ആരോപിച്ചു.

സര്‍ദാര്‍ സരോവര്‍ അണക്കെട്ട് വെറുമൊരു നിര്‍മ്മിതി മാത്രമല്ല. അത് 250 കിലോമീറ്റര്‍ കായലും 70 കിലോമീറ്റര്‍ നീളമുള്ള ചോലകളും കനാലുകളും ഉള്‍പ്പെടുന്ന ശൃംഖലയാണെന്നും മേധ ഓര്‍മ്മിപ്പിച്ചു. അണക്കെട്ട് മൂലം ബാധിക്കപ്പെട്ടവരില്‍ ആരെയും കാണാന്‍ പോലും പ്രധാനമന്ത്രിക്ക് സമയം കിട്ടിയില്ലെന്നും മേധ ആരോപിച്ചു. 

നദിയിലെ ജലനിരപ്പ് 122 മീറ്ററില്‍ നിന്ന് 138.68 മീറ്ററായി ഉയര്‍ത്തുന്നതിനെതിരെ ഏറെക്കാലമായി പ്രതിഷേധം നയിക്കുകയാണ് മേധ. ജലനിരപ്പ് ഉയര്‍ത്തിയത് 32000 കുടുംബങ്ങളെയാണ് ബാധിച്ചിരിക്കുന്നതെന്നാണ് മേധ വിശദമാക്കുന്നത്.