ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ദില്ലിയിലെ ഷഹീന്‍ബാഗില്‍ സമരം നടത്തുന്നവരോട് സമരവേദി മാറ്റുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥസംഘം സമരപ്പന്തലിലെത്തി. സംഘാംഗങ്ങളായ സഞ്ജയ് ഹെഗ്ഡെയും സാധന രാമചന്ദ്രനുമാണ് സമരപ്പന്തലിലെത്തിയത്. ഇവര്‍ സമരക്കാരുമായി തുറന്ന ചര്‍ച്ച നടത്തുകയാണ്.

സമരം ചെയ്യാനുള്ള അവകാശം എല്ലാവർക്കുമുണ്ടെങ്കിലും  സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തി സമരം ചെയ്യുന്നത് ശരിയാണോ എന്ന് സാധന രാമചന്ദ്രന്‍ സമരക്കാരോട് ചോദിച്ചു. യാത്രക്കാര്‍ക്ക് സമരം ബുദ്ധിമുട്ടുണ്ടാക്കുന്നു. രോഗികളുമായി പോകാന്‍ ആംബുലന്‍സുകള്‍ക്ക് തടസ്സം നേരിടുന്നു. മാധ്യമങ്ങളെ ഒഴിവാക്കി ചർച്ചയാകാമെന്നും സാധന രാമചന്ദ്രൻ പറഞ്ഞു. എന്നാല്‍, മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയാല്‍ മതിയെന്ന് സമരക്കാര്‍ പ്രതികരിച്ചു. 

ഇനി നാല് ദിവസമേ മുന്നിലുള്ളൂവെന്നും പരമാവധി വേഗം പരിഹാരം കാണണമെന്നും സാധന രാമചന്ദ്രൻ പറഞ്ഞു. മാധ്യമങ്ങൾ മാറാതെ ചർച്ച നടത്താനാവില്ലെന്നും സാധന രാമചന്ദ്രൻ നിലപാടെടുത്തു, മധ്യസ്ഥ സംഘം നിലപാടിലുറച്ച് നിന്നതോടെ മാധ്യമങ്ങളെ പുറത്തിറക്കി.