Asianet News MalayalamAsianet News Malayalam

പ്രക്ഷോഭം ശക്തമാക്കാന്‍ കര്‍ഷകര്‍; ദില്ലിയിലെ 5 പ്രവേശന കവാടങ്ങള്‍ വളയും, ഉന്നതതല യോഗം ചേര്‍ന്ന് ബിജെപി

ദില്ലി അതിർത്തികളിൽ നിന്ന് വടക്കൻ ദില്ലിയിലെ ബുറാഡിയിലേക്ക് സമരം മാറ്റിയാൽ ചർച്ചയാകാമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നിർദ്ദേശം കർഷകർ തള്ളിയിരുന്നു. ബുറാഡിയിലെ തുറന്ന ജയിലിലേക്കില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. 

meeting in J P Naddas house
Author
Delhi, First Published Nov 29, 2020, 9:53 PM IST

ദില്ലി: കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം കര്‍ഷകര്‍ ശക്തിപ്പെടുത്തവേ യോഗം ചേര്‍ന്ന് ബിജെപി . ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുടെ വസതിയിലാണ് ഉന്നതതല യോഗം. അമിത് ഷാ, നരേന്ദ്ര സിങ്ങ് തോമർ, രാജ്നാഥ് സിങ്ങ് എന്നിവർ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.  ദില്ലി അതിർത്തികളിൽ നിന്ന് വടക്കൻ ദില്ലിയിലെ ബുറാഡിയിലേക്ക് സമരം മാറ്റിയാൽ ചർച്ചയാകാമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നിർദ്ദേശം കർഷകർ തള്ളിയിരുന്നു. ബുറാഡിയിലെ തുറന്ന ജയിലിലേക്കില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. ദില്ലിയുടെ അഞ്ച് പ്രവേശന കവാടങ്ങളും അടച്ച് പ്രക്ഷോഭം തുടരുമെന്ന മുന്നറിയിപ്പാണ് കര്‍ഷക സംഘടനകള്‍ തരുന്നത്. 

കർഷക സമരത്തോട് ആഭ്യന്തര മന്ത്രി അമിത്ഷാ അഹങ്കാര നിലപാട് ഉപേക്ഷിക്കണമെന്നായിരുന്നു കർഷക സംഘടനകൾ ആവശ്യപ്പെട്ടത്. കർഷക പ്രക്ഷോഭം രാഷ്ട്രീയ പ്രേരിതമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും പറയില്ലെന്നും അമിത്ഷാ പ്രതികരിച്ചു. താങ്ങുവില ഇല്ലാതാക്കിയിട്ടില്ലെന്നും നല്ല അന്തരീക്ഷമുണ്ടെങ്കിൽ കർഷകരുമായി ചർച്ചക്ക് തയ്യാറാണെന്നും കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറും നേരത്തേ പറഞ്ഞിരുന്നു. കർഷകരുമായി ആലോചിച്ച് കർഷകർക്ക് വേണ്ടി കൊണ്ടുവന്ന നിയമമാണിതെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.  കർഷകർക്ക് നിയമം മൂലം വരുമാനം ഉറപ്പാക്കുന്നതാണ് പുതിയ നിയമമെന്ന് മൻകി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 

Follow Us:
Download App:
  • android
  • ios