Asianet News MalayalamAsianet News Malayalam

Satyapal Malik on PM Modi : പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് മേഘാലയ ഗവര്‍ണര്‍

സമരത്തിനിടെ കര്‍ഷകര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണമെന്നും താങ്ങുവിലയില്‍ നിയമപരമായ ഉറപ്പ് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
 

Meghalaya Governor Satyapal malik against PM Modi
Author
New Delhi, First Published Jan 3, 2022, 7:37 AM IST

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെിരെ (PM Narendra Modi) ആഞ്ഞടിച്ച് മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മല്ലിക് (Satyapal Malik). കര്‍ഷകസമരം (Farmers protest) അവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കണമെന്ന് താന്‍ നിര്‍ദേശിച്ചപ്പോള്‍ നരേന്ദ്ര മോദി ധാര്‍ഷ്ട്യത്തോടെ പെരുമാറിയെന്ന് മല്ലിക് ആരോപിച്ചു. കര്‍ഷകര്‍ മരിച്ചത് തനിക്കു വേണ്ടിയല്ലെന്ന് മോദി പറഞ്ഞുവെന്നും തുടര്‍ന്ന് മല്ലിക്ക് മോദിയുമായി വഴക്കിട്ടുവെന്നും അദ്ദേഹം പറഞ്ഞു. ദാദ്രിയിലെ ഒരു യോഗത്തില്‍ സംസാരിക്കവെയാണ് സത്യപാല്‍ മല്ലിക് ഇക്കാര്യം പറഞ്ഞത്. ''കര്‍ഷക സമരം നടക്കുന്ന സമയത്ത് പ്രധാനമന്ത്രിയെ കണ്ടിരുന്നു. സമരം ഇങ്ങനെ തുടരുന്നത് ശരിയല്ല. അതുകൊണ്ടുതന്നെ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് പ്രധാനമന്ത്രിയോടാവശ്യപ്പെട്ടു. അഞ്ഞൂറിലധികം കര്‍ഷകര്‍ സമരത്തില്‍ മരിച്ചെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ അദ്ദേഹം പൊട്ടിത്തെറിച്ചു. കര്‍ഷകര്‍ തനിക്ക് വേണ്ടിയാണോ മരിച്ചതെന്ന് പ്രധാനമന്ത്രി ചോദിച്ചു. താങ്കള്‍ക്ക് വേണ്ടിയാണ് കര്‍ഷകര്‍ മരിച്ചതെന്നും ഒരു രാജാവിനെപ്പോലെയാണ് താങ്കള്‍ പെരുമാറുന്നതെന്നും താന്‍ പ്രധാനമന്ത്രിയോട് പറഞ്ഞു. പിന്നീട് തര്‍ക്കമായി. അമിത് ഷായെ ചെന്ന് കാണൂവെന്ന് പറഞ്ഞാണ് തന്നെ മടക്കിയത്-'' സത്യപാല്‍ മല്ലിക് യോഗത്തില്‍ പറഞ്ഞു. 

സമരത്തിനിടെ കര്‍ഷകര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണമെന്നും താങ്ങുവിലയില്‍ നിയമപരമായ ഉറപ്പ് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഇനിയും എന്തെങ്കിലും അനീതി നടന്നാല്‍ കര്‍ഷകര്‍ വീണ്ടും സമരം ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കര്‍ഷക സമരത്തില്‍ തുടക്കത്തില്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി പറഞ്ഞ നേതാവാണ് സത്യപാല്‍ മല്ലിക്. നേരത്തെ ജമ്മു കശ്മീര്‍ ഗവര്‍ണറായിരുന്നു സത്യപാല്‍ മല്ലിക്. പിന്നീട് അദ്ദേഹത്തെ ഗോവയിലേക്കും മേഘാലയയിലേക്കും മാറ്റി.
 

Follow Us:
Download App:
  • android
  • ios