ഇന്ത്യൻ ജനത രാഹുലിന്‍റെ പോരാട്ടം ഏറ്റെടുക്കണമെന്നും പിന്തുണയ്ക്കണമെന്നും അവർ ആവശ്യപ്പെട്ടു
ജമ്മു: കോണഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പുരോഗമിക്കുകയാണ്. തമിഴ്നാടും കേരളവും കടന്ന യാത്ര കർണാടകയിലെത്തി നിൽക്കുമ്പോൾ കോൺഗ്രസ് പ്രവർത്തകരും വലിയ ആവേശത്തിലാണ്. പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളിൽ പലരും രാഹുൽ ഗാന്ധിയുടെ യാത്രയുടെ ഭാഗമാകുകയും ചെയ്തു. കന്യാകുമാരിയിൽ തുടങ്ങിയ യാത്രയ്ക്ക് പതാക കൈമാറിയത് തന്നെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനായിരുന്നു. മറ്റ് പ്രതിപക്ഷത്തെ പ്രമുഖരും യാത്രയ്ക്ക് വിജയാശംസ നേരാൻ മടികാട്ടിയിട്ടില്ല. അതിനിടയിലാണ് കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും രാഹുലിനെയും ഭാരത് ജോഡോ യാത്രയേയും അഭിനന്ദിച്ച് രംഗത്തെത്തിയത്.
ബി ജെ പിയുടെ ആക്രമണത്തിൽ നിന്ന് രാജ്യത്തെയും ജനാധിപത്യ സ്ഥാപനങ്ങളെയും ജനങ്ങളെയും സംരക്ഷിക്കാനുള്ള രാഹുലിന്‍റെ പോരാട്ടത്തിന് അഭിനന്ദനം എന്നാണ് മെഹബൂബ മുഫ്തി പറഞ്ഞത്. ഇന്ത്യൻ ജനത രാഹുലിന്‍റെ പോരാട്ടം ഏറ്റെടുക്കണമെന്നും പിന്തുണയ്ക്കണമെന്നും അവർ ആവശ്യപ്പെട്ടു. രാജ്യത്ത് ഏറെ ത്യാഗത്തിന്‍റെ ചരിത്രമുള്ള ഗാന്ധി കുടുംബത്തിൽ നിന്നുള്ളയാളായതിനാലാണ് രാഹുൽ ഗാന്ധിയെ ബിജെപി ലക്ഷ്യമിടുന്നതെന്ന് മെഹ്ബൂബ, കശ്മീരിലെ പാർട്ടി സമ്മേളനത്തെ അഭിസംബോധന ചെയ്യവെ പറഞ്ഞു. സ്വാതന്ത്ര്യസമരത്തിൽ പ്രധാന പങ്കുവഹിച്ച പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിനെയടക്കം അപകീർത്തിപ്പെടുത്തുകയാണ് ബി ജെ പി. രാഹുലിനെതിരായ ആക്രമണവും അതിന്‍റെ ഭാഗമാണ്. എന്നാൽ ഇത്തരം ആക്രമണങ്ങളെല്ലാം മറികടക്കാനും രാജ്യത്തെ ഐക്യം ഊട്ടിയുറപ്പിക്കാനും രാഹുലിനും ഭാരത് ജോഡോ യാത്രക്കും കഴിയുമെന്നും അവർ പറഞ്ഞു.
'ആർഎസ്എസിന് സ്വാതന്ത്ര്യസമരത്തിൽ പങ്കില്ല, സവർക്കർ സഹായധനം വാങ്ങി'; കടന്നാക്രമിച്ച് രാഹുൽഗാന്ധി
ബി ജെ പിക്കെതിരെ നിരവധി ചോദ്യങ്ങളും മെഹബൂബ മുഫ്തി ഉന്നയിച്ചിട്ടുണ്ട്. ബിജെപി നേതാക്കളുടെ ബന്ധുക്കളെ വിവിധ സ്‌പോർട്‌സ് സ്ട്രീമുകളുടെ തലപ്പത്തേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡത്തെയാണ് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി പ്രധാനമായും ചോദ്യം ചെയ്യ്തത്. ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷാ ബി സി സി ഐയുടെ തലപ്പത്തിരിക്കുന്നത് ബാറ്റ് പിടിക്കാനെങ്കിലും അറിഞ്ഞിട്ടാണോയെന്ന് അവർ ചോദിച്ചു. മതേതരത്വത്തെയും ജനാധിപത്യത്തെയും ബി ജെ പി ഭയപ്പെടുന്നുവെന്ന് ചൂണ്ടികാട്ടിയ മെഹ്ബൂബ, നിക്ഷിപ്ത രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി ബി ജെ പി രാജ്യത്തെ മതത്തിന്റെയും പ്രദേശത്തിന്റെയും പേരിൽ വിഭജിക്കുകയാണെന്നും അഭിപ്രായപ്പെട്ടു.
