മുംബൈ: ബാങ്കുകളിലെ കടം തിരിച്ചടക്കാൻ തയ്യാറാണെന്ന് മെഹുൽ ചോക്സി മുംബൈ കോടതിയെ അറിയിച്ചു. തന്‍റെ കമ്പനിയായ
ഗീതാഞ്ജലിക്കു പിരിഞ്ഞു കിട്ടാനുള്ള  എണ്ണായിരം കോടി രൂപ തിരികെ ലഭിച്ചാലുടൻ ബാങ്കുകളിലെ കടം തീർക്കാൻ കഴിയും എന്നാണ് ചോസ്കിയുടെ വാദം. ഇന്നലെ  സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന മുംബൈയിലെ പ്രത്യേക കോടതിയിൽ ചോക്സിയുടെ അഭിഭാഷകർ ഇക്കാര്യം അറിയിക്കുകയായിരുന്നു.

ആന്‍റിഗ്വയിൽ കഴിയുന്ന തന്നെ വീഡിയോ കോണ്‍ഫറൻസിലൂടെ കോടതി നടപടികളിൽ പങ്കെടുക്കാൻ അനുവദിക്കണം എന്നും മെഹുൽ ചോക്സി ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ കോടതി പിന്നീട് തീരുമാനമെടുക്കും. പഞ്ചാബ് നാഷണൽ ബാങ്ക് പണമിടപാട് തട്ടിപ്പു കേസിൽ അന്വേഷണം നടത്തുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ആന്‍റിഗ്വയിൽ എത്തുകയാണെങ്കിൽ ചോദ്യം ചെയ്യലുമായി സഹകരിക്കാനാണ് ചോക്സിക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം.