കാവേരി നദിക്ക് കുറുകെ മെക്കെഡറ്റു ഡാം നിര്‍മ്മിക്കുമെന്ന കര്‍ണാടക സര്‍ക്കാരിന്‍റെ നിലപാടിനെതിരെ തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ പരസ്യമായി രംഗത്ത് വന്നിരുന്നു. വിഷയത്തില്‍ ഓഗസ്റ്റ് അഞ്ചിന് പ്രതിഷേധം നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.  

ബംഗളൂരു: തമിഴ്നാട് ബിജെപി ഘടകത്തിന്‍റെ പ്രതിഷേധങ്ങള്‍ക്കിടെ മെക്കെഡറ്റു പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി ബിജെപി നേതാവും കര്‍ണാടക മുഖ്യമന്ത്രിയുമായ ബസവരാജ് ബൊമ്മെയ്. മെക്കെഡറ്റു പദ്ധതി നടപ്പാക്കുന്നത് സംസ്ഥാനത്തിന്‍റെ അവകാശമാണെന്നും ആര് സത്യഗ്രഹം ഇരുന്നാലും പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ബി എസ് യെദിയൂരപ്പയുടെ പിന്‍ഗാമിയായി ചുമതലയേറ്റ ബസവരാജ് മെക്കെഡറ്റു പദ്ധതിയുടെ കാര്യത്തില്‍ മറ്റൊരു ചിന്ത പോലുമില്ലെന്ന് തുറന്ന് പറഞ്ഞു. ആര് ഭക്ഷണം കഴിക്കുന്നതും കുടിക്കുന്നതും അവസാനിപ്പിച്ചാലും കാര്യമില്ല. അതൊന്നും തന്നെ ആശങ്കപ്പെടുത്തുന്നത് അല്ല എന്നാണ് കര്‍ണാടക മുഖ്യമന്ത്രിയുടെ നിലപാട്. 

കാവേരി നദിക്ക് കുറുകെ മെക്കെഡറ്റു ഡാം നിര്‍മ്മിക്കുമെന്ന കര്‍ണാടക സര്‍ക്കാരിന്‍റെ നിലപാടിനെതിരെ തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ പരസ്യമായി രംഗത്ത് വന്നിരുന്നു. വിഷയത്തില്‍ ഓഗസ്റ്റ് അഞ്ചിന് പ്രതിഷേധം നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. 

നിയമപരമായ മാനദണ്ഡങ്ങള്‍ അനുസരിച്ച് കര്‍ണാടകയ്ക്ക് ഡാം നിര്‍മ്മിക്കാനാവില്ലെന്നാണ് അണ്ണാമലൈ പറഞ്ഞത്. കേന്ദ്ര ജലവിഭവ മന്ത്രി കര്‍ണാടക ഡാം നിര്‍മ്മിക്കില്ലെന്ന് ഉറപ്പും നല്‍കിയതാണെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് അഞ്ചിലെ പ്രതിഷേധത്തില്‍ 10,000 കര്‍ഷകരും ബിജെപി പ്രവര്‍ത്തകരും പങ്കെടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.