ദില്ലി: ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്ന യുഎസ് പ്രഥമ വനിത മെലനിയ ട്രംപ് ദില്ലിയിലെ സര്‍ക്കാര്‍ സ്കൂളുകള്‍ സന്ദര്‍ശിക്കും. ക്ലാസ്മുറികള്‍ സന്ദര്‍ശിക്കുന്ന മെലനിയ ട്രംപിനായി ഹാപ്പിനസ് ക്ലാസ് എന്ന പേരില്‍ ഒരു പ്രസന്‍റേഷനും ഒരുക്കിയിട്ടുണ്ട്. 

ഫെബ്രുവരി 25നാണ് മെലനിയ ട്രംപ് സ്കൂളുകളില്‍ എത്തുന്നത്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍‍രിവാളും ഉപമുഖ്യമന്ത്രി മനിഷ് സിസോഡിയയും ചേര്‍ന്ന് മെലനിയയെ സ്വാഗതം ചെയ്യും. ഐക്യത്തോടെയും പരസ്പര സഹകരണത്തോടെയും ജീവിക്കുന്നതെങ്ങനെയെന്ന് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിനെക്കുറിച്ചുള്ള ഹാപ്പിനസ് ക്ലാസിലും മെലനിയ പങ്കെടുക്കും. വിപുലമായ സജ്ജീകരണങ്ങളാണ് മെലനിയയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ദില്ലി സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. 

യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്ന അതേസമയത്താണ് മെലനിയ ട്രംപ് ദില്ലിയിലെ സര്‍ക്കാര്‍ സ്കൂളുകള്‍ സന്ദര്‍ശിക്കുക. ഫെബ്രുവരി 24 തിങ്കളാഴ്ച പതിനൊന്നരയ്ക്കാണ് ട്രംപ് അഹമ്മദാബാദിലെത്തുക.  24ന് പതിനൊന്നരയ്ക്ക് എയർഫോഴ്സ് വൺ വിമാനത്തില്‍ ട്രംപും ഭാര്യയും ഇറങ്ങും. വിമാനത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കും. വിമാനത്താവളം മുതൽ മൊട്ടേര സ്റ്റേഡിയം വരെ 22 കിലോമീറ്റർ റോഡ് ഷോയാണ് പദ്ധതി. ഇന്ത്യ റോഡ് ഷോ എന്ന് പേരിട്ടിരിക്കുന്ന ഈ ശക്തിപ്രകടനത്തിൽ പതിനായിരങ്ങൾ അണിനിരക്കുമെന്നാണ് സൂചന. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നമസ്തെ ട്രംപ് എന്ന പേരിലുള്ള സ്വീകരണമാണ് ഒരുങ്ങുന്നത്. ഒരു ലക്ഷത്തി അയ്യായിരം പേർ സ്വീകരണത്തിന് എത്തുമെന്നാണ് വിലയിരുത്തല്‍. 

Read More: നമസ്തേ ട്രംപ് പരിപാടി താരസംഗമമാക്കാൻ കേന്ദ്രസർക്കാർ; സച്ചിനടക്കമുള്ള ക്രിക്കറ്റ് താരങ്ങൾക്കെല്ലാം ക്ഷണം