കാർ ഡ്രൈവറെ സംഭവത്തിന് ശേഷം കാണാതായിട്ടുണ്ട്. മറ്റ് രണ്ട് പേർ കൂടി സംഭവ സമയത്ത് വാഹനത്തിലുണ്ടായിരുന്നു.

ഹസാരിബാഗ്: നാഷണൽ തെർമൽ പവർ കോർപറേഷനിൽ (എൻടിപിസി) ഡെപ്യൂട്ടി ജനറൽ മാനേജറായി ജോലി ചെയ്യുന്ന 42കാരനെ അജ്ഞാതർ വെടിവെച്ചു കൊന്നു. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ്, കാറിൽ യാത്ര ചെയ്യുകയായിരുന്ന ഉദ്യോഗസ്ഥന് നേരെ നിറയൊഴിച്ചത്. ജാർഖണ്ഡിലെ ഹസാരിബാഗിലാണ് സംഭവം. എൻടിപിസിയുടെ കെരെദാരി കൽക്കരി ഘനിയിൽ ഡെസ്പാച് വിഭാഗം ഡെപ്യൂട്ടി ജനറൽ മാനേജറായ കുമാർ ഗൗരവ് (42) ആണ് മരിച്ചത്. 

കഴിഞ്ഞ ദിവസം രാവിലെ 9.30ഓടെ തന്റെ ക്വാർട്ടേഴ്സിൽ നിന്ന് ഇറങ്ങി കൽക്കരി ഘനി സൈറ്റിലേക്ക് കാറിൽ യാത്ര ചെയ്യുകയായിരുന്ന കുമാറിനെ രണ്ട് പേർ ബൈക്കിൽ പിന്തുടർന്നു. തുടർന്ന് അടുത്തെത്തിയപ്പോൾ അദ്ദേഹത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു എന്ന് ഹസാരിബാഗ് പൊലീസ് സൂപ്രണ്ട് അരവിന്ദ് കുമാർ സിങ് പറഞ്ഞു. കാർ ഓടിച്ചിരുന്ന ഡ്രൈവറെ സംഭവത്തിന് ശേഷം കാണാതായിട്ടുമുണ്ട്. സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തിന് രൂപം നൽകിയതായി എസ്.പി അറിയിച്ചു.

വാഹനത്തിന്റെ മുൻ സീറ്റിലാണ് കുമാർ ഗൗരവ് ഇരുന്നിരുന്നത്. പിന്നിൽ മറ്റ് രണ്ട് പേർ കൂടി ഉണ്ടായിരുന്നു. വെടിയേറ്റ ഉടൻ തന്നെ അദ്ദേഹത്തെ പരിസരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചതായി സ്ഥിരീകരിച്ചു. കൊലപാതകികൾക്ക് വേണ്ടിയുള്ള അന്വേഷണം വ്യാപകമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ജാർഖണ്ഡ് പ്രതിപക്ഷ കക്ഷിയായ ബിജെപി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. 

ഏഷ്യനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം