Mi 17 V5 എന്നത് ലോകത്തിൽ ലഭ്യമായിട്ടുള്ള ഏറ്റവും ആധുനികവും സുരക്ഷിതവുമായ ചോപ്പറുകളിൽ ഒന്നാണ് എങ്കിലും, അതും പൂർണമായി സുരക്ഷിതത്വം അവകാശപ്പെടാവുന്ന ഒരു ഗതാഗത മാർഗ്ഗമല്ല.
ഇന്ത്യയുടെ സൈനിക മേധാവി ബിപിൻ റാവത് സഞ്ചരിച്ച ഹെലികോപ്റ്റർ, ഊട്ടിയിലെ കൂനൂരിനടുത്ത് വെച്ച് മോശം കാലാവസ്ഥ കാരണം അപകടത്തിൽ പെട്ട വിവരം ഇന്ന് രാവിലെ പുറത്തുവന്നിരുന്നു. പ്രസ്തുത അപകടത്തിൽ പെട്ടവർ സഞ്ചരിച്ചിരുന്നത് ഇന്ത്യൻ വ്യോമസേനയുടെ Mi 17 V5 എന്ന ഹെലികോപ്റ്റർ ആണ് എന്നവിവരം ഒരു ട്വീറ്റിലൂടെ ഇന്ത്യൻ എയർഫോഴ്സ് പുറത്തുവിട്ടിരുന്നു. മൂന്നു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഇന്ത്യൻ എയർ ഫോഴ്‌സിന്റെ റഷ്യൻ നിർമിത MI 17 V5 ഹെലികോപ്റ്റർ വലിയ ദുരന്തത്തിൽപെടുന്നത്. കഴിഞ്ഞ തവണ ബദ്ഗാമിൽ ഇന്ത്യയുടെ തന്നെ മിസൈൽ തട്ടിയാണ് MI 17 V5 തകർന്നു വീണത്. ഇത്തവണത്തെ ദുരന്തത്തിന് പിന്നിലെ ഇപ്പോഴും ദുരൂഹത തുടരുകയാണ്.
റഷ്യൻ ഹെലികോപ്റ്റർസിന്റെ ഒരു സബ്സിഡിയറി ആയ കസാൻ ഹെലികോപ്റ്റർസ് നിർമിക്കുന്ന Mi8/17 കുടുംബത്തിൽ പെട്ട മിലിട്ടറി ട്രാൻസ്‌പോർട്ട് ചോപ്പർ ആണ് Mi 17 V5. ഇന്ത്യൻ വ്യോമസേന വർഷങ്ങളായി സൈനികരെയും ആയുധങ്ങളും കൊണ്ടുപോകാനും, പട്രോളിംഗ്, സെർച്ച് ആൻഡ് റെസ്ക്യൂ തുടങ്ങിയ ആവശ്യങ്ങൾക്കും ഉപയോഗിച്ച് വരുന്ന ഒന്നാണ് ഇത്. 2008 -ലാണ് ഇന്ത്യൻ എയർഫോഴ്സ് റഷ്യൻ ഹെലികോപ്റെർസുമായി 80 Mi 17 V5 ചോപ്പറുകൾക്കായുള്ള 130 കോടി ഡോളറിന്റെ കരാറിൽ ഏർപ്പെടുന്നത്. അതിനു ശേഷം Rosoboronexport എന്ന സ്ഥാപനവുമായും 71 Mi 17 V5 ഹെലികോപ്റ്ററുകൾക്കുവേണ്ടി ഇന്ത്യൻ എയർഫോഴ്സ് കരാറിൽ ഒപ്പുവെച്ചിരുന്നു. ഇന്ത്യൻ എയർഫോഴ്സിൽ ആകെ150 -ലധികം Mi 17 V5 ഹെലികോപ്റ്ററുകൾ സേവനത്തിൽ തുടരുന്നുണ്ട്.

ഇന്ത്യയിലെ റോഡ് ഗതാഗതം ദുഷ്കരമായ പല ഉൾപ്രദേശങ്ങളിലും ഇന്ത്യയിലെ സൈനിക മേധാവികളും രാഷ്ട്രീയക്കാരും അടക്കമുള്ള പലരും പെട്ടെന്ന് എത്തിച്ചേരാൻ വേണ്ടി ആശ്രയിക്കുന്നത് ഹെലികോപ്ടറുകളെയാണ്. Mi 17 V5 എന്നത് ലോകത്തിൽ ലഭ്യമായിട്ടുള്ള ഏറ്റവും ആധുനികവും സുരക്ഷിതവുമായ ചോപ്പറുകളിൽ ഒന്നാണ് എങ്കിലും, അതും പൂർണമായി സുരക്ഷിതത്വം അവകാശപ്പെടാവുന്ന ഒരു ഗതാഗത മാർഗ്ഗമല്ല എന്നാണ് സൈനിക മേധാവിയെപ്പോലെ ഒരാൾ സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ പെട്ട ഈ സംഭവം ഓർമിപ്പിക്കുന്നത്.
ഇന്ത്യയിൽ ഇതിനു മുമ്പുണ്ടായ പ്രസിദ്ധമായ ചില ഹെലികോപ്റ്റർ അപകടങ്ങളിലൂടെ,
2005 - സഹാറൻപൂർ
ഹരിയാന മന്ത്രിമാരായ ഒപി ജിൻഡാൽ, സുരേന്ദ്ര സിംഗ് എന്നിവർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന് രണ്ടു പേരും കൊല്ലപ്പെട്ടു.
2009 - വൈഎസ്ആർ റെഡ്ഢി
രണ്ടു തവണ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കോൺഗ്രസ് നേതാവ് വൈ എസ് രാജശേഖര റെഡ്ഢി സഞ്ചരിച്ച Bell 430 ഹെലികോപ്റ്റർ രുദ്രകൊണ്ട മലനിരകളിൽ വെച്ച് 2009 -ൽ അപകടത്തിൽ പെട്ട് അദ്ദേഹം കൊല്ലപ്പെട്ടിരുന്നു. അന്ന് അദ്ദേഹത്തോടൊപ്പം സഞ്ചരിച്ച നാലുപേർ കൂടി മരണപ്പെട്ടിരുന്നു. 24 മണിക്കൂർ നേരം കാണാതെയായി ഒടുവിൽ നടന്ന തിരച്ചിലിനു ശേഷമാണ് ആ ചോപ്പറിന്റെ അവശിഷ്ടങ്ങൾ അന്ന് കണ്ടെടുക്കാനായത്.
2011 - തവാങ്
2011 ഏപ്രിൽ 29 ന് ഗുവാഹത്തിയിലേക്ക് പുറപ്പെട്ട Mi 17 V5 ഹെലികോപ്റ്ററിൽ സഞ്ചരിച്ച 17 പേരും അന്ന് ആ അപകടത്തിൽ കൊല്ലപ്പെട്ടു. പൈലറ്റ് അടക്കം അഞ്ചു പേർ അന്ന് ആ ക്രാഷിനെ അതിജീവിച്ചിരുന്നു. ആകാശത്ത് വെച്ച് ഒരു തീഗോളമായി മാറിയ ശേഷമാണ് ഹെലികോപ്റ്റർ നിലം പൊത്തിയത് എന്നുള്ള ഒരു ദൃക്‌സാക്ഷി മൊഴിയും അന്ന് ഈ അപകടത്തെ തുടർന്ന് പുറത്തു വരികയുണ്ടായി.
2015 - വൈഷ്ണോ ദേവി
വൈഷ്ണോദേവി ക്ഷേത്രത്തിലേക്ക് ആറു തീർത്ഥാടകരെയും പൈലറ്റിനെയും കൊണ്ട് പുറപ്പെട്ട ഹെലികോപ്റ്റർ തകർന്നു വീണത് കത്ര പട്ടണത്തിലെ ബസ് സ്റ്റാൻഡിലായിരുന്നു. അന്ന് ചോപ്പറിന്റെ വനിതാ പൈലറ്റ് സുമിതാ വിജയൻ അടക്കം എല്ലാ യാത്രക്കാരും ആ അപകടത്തിൽ കൊല്ലപ്പെട്ടു.
