ഗ്വാളിയോര്‍: മധ്യപ്രദേശിലെ ഗ്വാളിയോറിൽ വ്യോമസേനയുടെ മിഗ് 21 വിമാനം തകർന്നുവീണു. ബുധനാഴ്ച രാവിലെയാണ് സംഭവം.  നിത്യേനയുള്ള നിരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരുന്ന വിമാനമാണ് തകര്‍ന്നത്. ഗ്വാളിയോറിലെ വ്യോമസേന താവളത്തിന് സമീപമാണ് മിഗ് 21 വിമാനം തകര്‍ന്ന് വീണത്.

ഗ്രൂപ്പ് ക്യാപ്റ്റനും സ്ക്വാഡ്രൻ ലീഡറും ഉള്‍പ്പെടെ രണ്ടുപേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇവര്‍ രണ്ട് പേരും കൃത്യസമയത്ത് സീറ്റ് ഉപേക്ഷിച്ചതുകൊണ്ട് രക്ഷപ്പെട്ടു, അപകടത്തില്‍ ആളപായമില്ല. കഴിഞ്ഞ മാര്‍ച്ചില്‍ ചിറകില്‍ പക്ഷിയിടിച്ചതിനെ തുടര്‍ന്ന് ബിക്കാനീറില്‍ മിഗ് 21 വിമാനം തകര്‍ന്ന് വീണിരുന്നു. 

MiG-21 Trainer Aircraft Crashes In Madhya Pradesh, Both Pilots Safe

ഈ വര്‍ഷത്തെ വ്യോമസേനയുടെ 12ാമത്തെ അപകടമാണ് ഇത്. അപകടത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. സോവിയറ്റ് കാലം മുതല്‍ വ്യാപകമായി ഉപയോഗിക്കുന്ന വിമാനമാണ് മിഗ് 21. വ്യോമസേനയുടെ പോരാട്ടങ്ങളുടെ നട്ടെല്ലായാണ് മിഗ് വിമാനത്തെ കണക്കാക്കുന്നത്. 1960ലാണ് മിഗ്  21 ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാവുന്നത്. 2006ല്‍ മിഗ് 21 വിമാനങ്ങള്‍ ബൈസണ്‍ ടൈപ്പിലേക്ക് മാറ്റിയിരുന്നു. 

ശക്തമായ റഡാര്‍ സംവിധാനം, ആശയവിനിമയ സംവിധാനം ഉള്‍പ്പെടുന്നതാണ് പുതുക്കിയ വിമാനങ്ങള്‍. നേരത്തെ ബോബുകള്‍ കൊണ്ടുപോകാന്‍ മാത്രം ഉപയോഗിച്ചിരുന്ന ഈ വിമാനങ്ങള്‍ ആയുധങ്ങള്‍ കൊണ്ടുപോകാനും ഉപയോഗിക്കുന്നുണ്ട്. മിഗ് 21 വിമാനങ്ങള്‍ 36 റാഫേല്‍ വിമാനങ്ങളുടെ വരവോടെ മാറുമെന്നാണ് നിരീക്ഷിക്കുന്നത്.