ലഖ്നൗ: ‌ഉപജീവനമാർ​ഗം തേടിയാണ് സ്വന്തം നാടും വീടും ഉപേക്ഷിച്ച് നിരവധി പേര്‍ അതിഥി തൊഴിലാളികളായി മറ്റ് സംസ്ഥാനങ്ങളിലേക്ക് ചേക്കേറിയത്. എന്നാൽ അപ്രതീക്ഷിതമായി കൊവിഡ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ തൊഴിലിടങ്ങൾ അടച്ചു. വിശപ്പും ദാഹവും സഹിച്ച് കിലോമീറ്ററുകൾ നടന്ന് അതിഥി തൊഴിലാളികൾ സ്വന്തം നാടുകളിലേക്ക് യാത്ര തിരിക്കാനും തുടങ്ങി. തങ്ങൾ സ്വരൂക്കൂട്ടിയ സമ്പാദ്യം മുഴുവനും ചെലവഴിച്ചാണ് ഓരോരുത്തരും അവരുടെ വീടുകളിൽ എത്തിയത്. അത്തരത്തിലൊരു തൊഴിലാളിയാണ് ശ്രീറാം. 

ഉത്തർപ്രദേശിലെ കണ്ണൗജിലെ ഫത്തേപൂർ ജസോദ സ്വദേശിയാണ് ശ്രീറാം. തമിഴ്‌നാട്ടിൽ നിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ വീട്ടുടമസ്ഥൻ ആവശ്യപ്പെട്ടതോടെ ഭാര്യയുടെ ആഭരണങ്ങൾ വിൽക്കാൻ ശ്രീറാം നിർബന്ധിതനായി. കണ്ണൗജിലെ ഒരു പ്രാദേശിക മാർക്കറ്റിൽ 1500 രൂപയ്ക്കാണ് ശ്രീറാമിന് ആഭരണങ്ങൾ വിൽക്കേണ്ടി വന്നത്. 

വിവാഹത്തിന് മുമ്പാണ് ശ്രീറാം തമിഴ്‌നാട്ടിലേക്ക് കുടിയേറിവന്നത്. തെക്കൻ സംസ്ഥാനത്തെ കടലൂർ പട്ടണത്തിൽ കുൽഫി വിൽപനക്കാരനായ ശ്രീറാം ഭാര്യയും ഒമ്പത് കുട്ടികളോടൊപ്പം വാടക വീട്ടിൽ താമസിക്കുകയായിരുന്നു. ഈ കുടുംബത്തിന് റേഷൻ കാർഡോ, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴിൽ കാർഡോ ഇല്ലായിരുന്നു. കഴിഞ്ഞ മെയ് മാസത്തിൽ ഇവരോട് വീട് ഉപേക്ഷിച്ച് സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങാൻ വീട്ടുടമസ്ഥൻ ആവശ്യപ്പട്ടു. പിന്നീട് മെയ് 19ന് കുടുംബം ട്രൈയിൻ വഴി യുപിയിലെ സ്വന്തം വീട്ടിലെത്തി.

"ഞങ്ങൾ തിരിച്ചെത്തിയപ്പോൾ സർക്കാരിൽ നിന്ന് 10 കിലോ അരിയും ധാന്യവും ലഭിച്ചു. പക്ഷേ ഒരു വലിയ കുടുംബമായതിനാൽ പെട്ടെന്നുതന്നെ റേഷൻ തീർന്നു. ഇതിന് ശേഷം അമ്മക്കും രണ്ട് സഹോദരങ്ങൾക്കും അസുഖം വന്നു. അച്ഛൻ ജോലിക്ക് ശ്രമിച്ചു. പക്ഷേ രണ്ട് ദിവസത്തിനുള്ളിൽ വീണ്ടും തൊഴിലില്ലായ്മ രൂക്ഷമായി. എന്റെ അമ്മ ധരിച്ച ആഭരണങ്ങൾ വിൽക്കുകയല്ലാതെ ഞങ്ങൾക്ക് വേറെ വഴിയില്ലായിരുന്നു"മകളായ രാജ് കുമാരി പറയുന്നു. കുറച്ച് ദിവസത്തേക്കുള്ള ഭക്ഷണത്തിനും മരുന്നിനും ഈ പണം സഹായിച്ചെന്നും രാജ് കുമാരി കൂട്ടിച്ചേർത്തു.

പിന്നാലെ കുടുംബത്തിന്റെ ദുരവസ്ഥ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും വിഷയത്തിൽ ജില്ലാ ഭരണകൂടം ഇടപെടുകയുമായിരുന്നു. കുടുംബത്തിന്റെ നിസ്സഹായവസ്ഥാ ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെടുകയും അന്വേഷണത്തിന് ശേഷം കുടുംബത്തിന് 15 ദിവസത്തേക്കുള്ള റേഷൻ കിറ്റ് നൽകിയെന്നും കണ്ണൗജിലെ ജില്ലാ മജിസ്‌ട്രേറ്റ് രാകേശ് മിശ്ര  പറഞ്ഞു. കുടുംബത്തിന് റേഷൻ കാർഡ് നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കൊവിഡ് പകർച്ചവ്യാധി കാരണം സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ച ശേഷം മാർച്ച് മുതൽ 25 ലക്ഷത്തിലധികം കുടിയേറ്റ തൊഴിലാളികളാണ് ഉത്തർപ്രദേശിലേക്ക് മടങ്ങിയത്. ഇവർക്ക് സൗജന്യ റേഷൻ നൽകുമെന്നും യോഗി ആദിത്യനാഥ് സർക്കാർ പറഞ്ഞു.