അമ്പതുകാരനായ തബറാക് അൻസാരി എന്നയാളാണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് പത്ത് തൊഴിലാളികൾക്കൊപ്പമാണ് മഹാരാഷ്ട്രയിലെ ബിവാണ്ടിയിൽ നിന്നും ഇയാൾ യാത്ര തിരിച്ചത്.  

ഭോപ്പാൽ: മഹാരാഷ്ട്രയിൽ നിന്ന് സ്വദേശമായ ഉത്തർപ്രദേശിലേക്ക് സൈക്കിളിൽ യാത്ര തിരിച്ച അതിഥി തൊഴിലാളി വഴിമധ്യേ കുഴഞ്ഞുവീണു മരിച്ചു. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ സമാനമായ വിധത്തിൽ ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ സംഭവമാണിത്. മധ്യപ്രദേശിലെ ബർവാനിയിൽ അമ്പതുകാരനായ തബറാക് അൻസാരി എന്നയാളാണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് പത്ത് തൊഴിലാളികൾക്കൊപ്പമാണ് മഹാരാഷ്ട്രയിലെ ബിവാണ്ടിയിൽ നിന്നും ഇയാൾ യാത്ര തിരിച്ചത്.

ഭിവണ്ടിയിലെ പവര്‍ലൂം യൂണിറ്റില്‍ തൊഴില്‍ ചെയ്തുവന്നിരുന്നവരായിരുന്നു ഇവര്‍. ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നാട്ടിലേയ്ക്ക് മടങ്ങുകയല്ലാതെ ഇവർക്ക് മറ്റ് മാർ​ഗങ്ങളൊന്നുമുണ്ടായിരുന്നില്ല. 'എല്ലാവർക്കും ജോലി നഷ്ടപ്പെട്ട അവസ്ഥയാണുള്ളത്. ഭക്ഷണമോ ആഹാരമോ ഇല്ല. അതുകൊണ്ട് തന്നെ സൈക്കിളിൽ സ്വദേശമായ മഹാരാജ്​ഗഞ്ചിലേക്ക് യാത്ര തിരിക്കാൻ തീരുമാനിച്ചു. 350 കിലോമീറ്റർ‌ പിന്നിട്ടപ്പോഴേയ്ക്കും തബറാക് തല കറങ്ങി സൈക്കിളിൽ നിന്ന് താഴെ വീഴുകയായിരുന്നു.' തൊഴിലാളികളിലൊരാളായ രമേഷ്കുമാർ ​ഗോണ്ട് പറയുന്നു. 

നിര്‍ജ്ജലീകരണത്തോടൊപ്പം അമിതമായ ക്ഷീണവും ചൂടുമാണ് മരണത്തിന് കാരണമായതെന്ന്‌ പോലീസ് പറഞ്ഞു. എങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം മാത്രമേ മരണകാരണം നിര്‍ണ്ണയിക്കാന്‍ കഴിയൂ. കഴിഞ്ഞ ദിവസങ്ങളിലും വിവിധ സംസ്ഥാനങ്ങളില്‍ സമാന രീതിയിലുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.