ലഖ്നൗ: ലോക്ക്ഡ‍ൗണിനെ തുടര്‍ന്നുണ്ടായ ദുരിതത്തില്‍ നിന്ന് എത്രയും പെട്ടന്ന് വീടെത്തുകയെന്ന ഒറ്റ ചിന്തയില്‍ സൈക്കിളെടുത്ത് ഇറങ്ങിയതായിരുന്നു അതിഥി തൊഴിലാളിയായ മോഹൻ. ഛത്തീസ്ഗഡിൽ നിന്ന് ഉത്തർപ്രദേശിലെ സഹാറൻപൂരിലേക്ക് ആയിരുന്നു യാത്ര. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ആണ് നാല്പതുകാരനായ മോഹനടങ്ങിയ നാൽവർ സംഘം നാട്ടിലേക്ക് തിരിച്ചത്. 

ഇടയ്ക്ക്, യുപിയിലെ ചിത്രകൂട്ടിലെ കൽ‌ചിഹ ഗ്രാമത്തിനടുത്ത് വിശ്രമിക്കാനായി ഇവർ റോഡരികില്‍ തങ്ങി. എന്നാൽ, അത് മോഹനന്‍റെ ജീവനെടുക്കാനുള്ള ഇടവേളയാവുകായിരുന്നു. അമിത വേ​ഗതയിൽ എത്തിയ ട്രക്ക് മോഹനെയും സംഘത്തെയും ഇടിച്ച് തെറുപ്പിച്ചു. അപകടത്തിൽ പരിക്കേറ്റ നാല് പേരെയും നാട്ടുകാർ അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് കൊണ്ടു പോയെങ്കിലും മോഹനന്റെ ജീവൻ രക്ഷിക്കാനായില്ല. മറ്റുള്ളവരുടെ ആരോ​ഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറയുന്നു. 

അപകടത്തിന് ഇടയാക്കിയ ട്രക്ക് പിടികൂടി ഡ്രൈവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സഹാറൻപൂർ, മുസാഫർനഗർ ജില്ലകളിൽ നിന്നുള്ള തൊഴിലാളികളായ ഇവർ ഛത്തീസ്ഗഡിലെ റായ്പൂരിലുള്ള ഒരു ഫാക്ടറിയിലാണ് ജോലി ചെയ്തിരുന്നത്. എന്നാൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഫാക്ടറി അടച്ചുപൂട്ടി. ഇതാണ് മോഹനെയും സംഘത്തെയും നാട്ടിലേക്ക് സൈക്കിളിൽ യാത്ര തിരിക്കാൻ പ്രേരിപ്പിച്ചത്.