പാട്ന: ക്വാറന്റീന്‍ പൂര്‍ത്തിയാക്കുന്ന അതിഥി തൊഴിലാളികള്‍ക്ക് സൗജന്യമായി ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്ത് ബിഹാര്‍ സര്‍ക്കാര്‍. അനാവശ്യ ഗര്‍ഭധാരണം ഒഴിവാക്കാനാണ് ഈ നടപടിയെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സർക്കാർ ക്വാറന്റീന്‍ പൂര്‍ത്തിയാക്കി വീട്ടിലേക്ക് പോകുന്നവര്‍ക്കും വീടുകളില്‍ ക്വീറന്റീനില്‍ കഴിഞ്ഞവര്‍ക്കുമാണ് ഗര്‍ഭനിരോധന ഉറ വിതരണം ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

"14 ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കി അതിഥി തൊഴിലാളികള്‍ അവരുടെ വീടുകളിലേക്ക് മടങ്ങുന്നു. അനാവശ്യ ഗർഭധാരണത്തിനുള്ള സാധ്യതകൾ ഉള്ളതിനാൽ, ഞങ്ങള്‍ അവരെ ഉപദേശിക്കുകയും ഗര്‍ഭധാരണം ഒഴിവാക്കാന്‍ കോണ്ടം പോലുള്ള ഉപകരണങ്ങള്‍ നല്‍കുകയും ചെയ്യുന്നു"ആരോഗ്യവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിറ്റിഐയോട് പറഞ്ഞു.

“ഇത് കേവലം ഒരു കുടുംബാസൂത്രണ നടപടിയാണ്. കൊവിഡ് -19 യുമായി ഒരു ബന്ധവുമില്ല. ഒരു ആരോഗ്യ വിദഗ്ദ്ധനെന്ന നിലയിൽ, ജനസംഖ്യയെ നിയന്ത്രിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. മുന്‍കൈ നടപ്പാക്കാന്‍ കെയര്‍ ഇന്ത്യയുടെ പിന്തുണ ഞങ്ങള്‍ തേടുന്നു" എന്ന് സ്റ്റേറ്റ് ഹെൽത്ത് സൊസൈറ്റിയിലെ കുടുംബാസൂത്രണ ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ സമയത്ത് അനാവശ്യ ഗര്‍ഭധാരണം വര്‍ധിക്കുമെന്നും അതിന്റെ പശ്ചാത്തലത്തിലാണ് സംരംഭം ആരംഭിച്ചതെന്നും ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതുവരെ ഇത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.