സൂറത്ത്: സ്വദേശങ്ങളിലേക്ക് മടങ്ങിപ്പോകാൻ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട്  രോഷാകുലരായ കുടിയേറ്റത്തൊഴിലാളികൾ ഉന്തുവണ്ടികളുൾപ്പെടെയുള്ള വാഹനങ്ങൾക്ക് തീയിട്ടു. രാജ്യത്തെ സമ്പൂർണ അടച്ചിടലിനിടയിൽ ഗുജറാത്തിലെ സൂറത്തിൽ നൂറുകണക്കിന് തൊഴിലാളികളാണ് കുടുങ്ങിയിരിക്കുന്നത്. സ്വദേശങ്ങളിലേക്ക് മടങ്ങിപ്പോകാൻ എത്രയും വേ​ഗം സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ തെരുവിൽ തമ്പടിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. 

സംഘർഷമുണ്ടാക്കിയ ഏതാനും പേരെ കസ്റ്റഡിയിലെടുത്തതായും മേഖലയിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്നും പൊലീസ് അറിയിച്ചു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മിക്ക തൊഴിലാളികൾക്കും ജോലി നഷ്ടമായ അവസ്ഥയാണുള്ളത്. അതുകൊണ്ട് തന്നെ എങ്ങനെയെങ്കിലും നാട്ടിൽ തിരികെയെത്തിക്കണമെന്നാണ് ഇവരുടെ ആവശ്യം. നിലവിൽ 378 പേർക്കാണ് ഗുജറാത്തിൽ വൈറസ് സ്ഥിരീകരിച്ചത്. 19 പേർ മരണപ്പെട്ടു. 24 മണിക്കൂറിനുള്ളിൽ 116 കേസുകാണ് ​ഗുജറാത്തിൽ റിപ്പോർട്ട് ചെയ്തത്. രണ്ട് പേർ കൂടി മരണപ്പെട്ടതോടെ ആകെ കൊവിഡ് മരണം 19 ആയി