Asianet News MalayalamAsianet News Malayalam

അതിഥിതൊഴിലാളികളുടെ ക്ഷേമം; സുപ്രീംകോടതി നിർദ്ദേശം പാലിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

ഭക്ഷണം, ശുചിത്വം, ശുദ്ധജലം എന്നിവ ക്യാംപുകളിൽ ഉറപ്പാക്കണം. തൊഴിലാളികളുടെ ആശങ്ക അകറ്റാൻ നിരന്തര ശ്രമം വേണമെന്നും ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്രസർക്കാർ കത്തയച്ചു.

migrant workers welfare central government instructed states to obey supreme court order
Author
Delhi, First Published Apr 12, 2020, 5:37 PM IST

ദില്ലി: അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനുള്ള സുപ്രീംകോടതി നിർദ്ദേശം കർശനമായി പാലിക്കണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു. ഭക്ഷണം, ശുചിത്വം, ശുദ്ധജലം എന്നിവ ക്യാംപുകളിൽ ഉറപ്പാക്കണം. തൊഴിലാളികളുടെ ആശങ്ക അകറ്റാൻ നിരന്തര ശ്രമം വേണമെന്നും ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്രസർക്കാർ കത്തയച്ചു.

അതേസമയം. അതിഥി തൊഴിലാളികളെ അവരുടെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ വേണമെന്ന ആവശ്യം പ്രായോഗികമല്ലെന്ന് കേന്ദ്രം ഇന്ന് അറിയിച്ചു. കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യത്തോടാണ് കേന്ദ്രത്തിന്‍റെ പ്രതികരണം. സംസ്ഥാനത്ത് 3,85000 അതിഥി തൊഴിലാളികളുണ്ടെന്നും  ഇവര്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ സൗകര്യം ഉണ്ടാക്കണമെന്നും ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു. ഏപ്രില്‍ 14 ന് ശേഷം അതിഥി തൊഴിലാളികള്‍ക്ക് മടങ്ങാനായി നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ അനുവദിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. എന്നാല്‍ ഇത് പ്രായോഗികമല്ലെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.

അതിനിടെ,ദേശീയ ലോക്ക് ഡൗണ്‍ നീട്ടുന്നതിൽ കേന്ദ്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. ഇന്നലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചർച്ചയിൽ ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാൻ ധാരണയായിരുന്നു. കൂടുതൽ ഇളവുകളോടെ ലോക്ക് ഡൗണ്‍ നീട്ടാനാണ് ധാരണ. കാർഷിക മേഖലയ്ക്കും നിർമ്മാണ മേഖലയ്ക്കും ഇളവ് പ്രഖ്യാപിച്ചേക്കാം.

സർക്കാർ ഓഫീസുകളുടെ പ്രവർത്തനവും ഭാഗികമായി വീണ്ടും തുടങ്ങും. മന്ത്രിമാരോട് ഓഫീസുകളിൽ പ്രവർത്തനം തുടങ്ങാൻ നിർദ്ദേശം നല്‍കുമെന്ന സൂചനയുണ്ട്. പ്രധാനമന്ത്രിയുടെ അഭിസംബോധന എപ്പോഴുണ്ടാകുമെന്നും ഇന്ന് വ്യക്തമാകും. മഹാരാഷ്ട്ര, തെലങ്കാന, കർണാടക, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങൾ ഇന്നലെ വൈകിട്ട് തന്നെ ഏപ്രിൽ മുപ്പത് വരെ ലോക്ക്ഡൗൺ നീട്ടിയിരുന്നു.

 

 

Follow Us:
Download App:
  • android
  • ios