ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ കുടിയേറ്റ തൊഴിലാളികളെ കൂട്ടമായി ഇരുത്തി സാനിറൈറ്റ്സ് ചെയ്ത നടപടി വിവാദമായി. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവരെ റോഡില്‍ കൂട്ടമായി ഇരുത്തിയ ശേഷമായിരുന്നു സുരക്ഷാ സ്യൂട്ടുകള്‍ ധരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ സാനിറ്റൈസറില്‍ കുളിപ്പിച്ചത്. 

ഇതിന് ശേഷമാണ് തൊഴിലാളികളെ തങ്ങളുടെ ഗ്രാമത്തിലേക്ക് കടക്കാന്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ അനുവദിച്ചത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘങ്ങളെയാണ് ഇത്തരത്തില്‍ പൊതുനിരത്തിലിരുത്തി കുളിപ്പിച്ചത്. വലിയ പൈപ്പുകളില്‍ സാനിറ്റൈസര്‍ സ്പ്രേ ചെയ്തത് മൂലം കുട്ടികൾ ഉൾപ്പടെയുള്ളവർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായെന്നാണ് പരാതി. ഇവരുടെ പക്കലുണ്ടായിരുന്ന ബാഗുകള്‍ അടക്കമായിരുന്നു കൂട്ട സാനിറ്റൈസേഷന്‍. 

എന്നാല്‍ പ്രത്യേക ബസ് സര്‍വ്വീസുകളിലായി എത്തിയ കുടിയേറ്റ തൊഴിലാളികളെ സുരക്ഷിതരാക്കുകയെന്നത് മാത്രമായിരുന്നു നടപടിയുടെ ലക്ഷ്യമെന്നാണ് ബറേലിയിലെ കൊവിഡ് 19 നടപടികളുടെ ഏകോപന ചുമതലയുള്ള നോഡല്‍ ഓഫീസര്‍ അശോക് ഗൌതം പറഞ്ഞു. സാനിറ്റൈസര്‍ സ്പ്രേ ചെയ്യുന്നതിന് മുന്‍പ് കണ്ണുകള്‍ അടയ്ക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നുവെന്നും ഗൌതം പറയുന്നു. തുണികളും ബാഗിലുമടക്കം ഏത് പ്രതലത്തിലും വൈറസിന്‍റെ സാന്നിധ്യമുണ്ടാവുമെന്നതിനാലാണ് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്നും ഗൌതം കൂട്ടിച്ചേര്‍ക്കുന്നു. ഇനി ഇത്തരം സംഭവം ആവര്‍ത്തിക്കേണ്ടി വരില്ലെന്നും ഗൌതം പറഞ്ഞു.