യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്തനും നയതന്ത്ര വിദഗ്ധനുമായിരുന്ന മൈക്ക് പോംപിയോയുടെ പുസ്തകത്തിൽ ഇന്ത്യൻ മുൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെക്കുറിച്ചുള്ള പരാമർശം വിവാദത്തിൽ.
ദില്ലി: യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്തനും നയതന്ത്ര വിദഗ്ധനുമായിരുന്ന മൈക്ക് പോംപിയോയുടെ പുസ്തകത്തിൽ ഇന്ത്യൻ മുൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെക്കുറിച്ചുള്ള പരാമർശം വിവാദത്തിൽ. 2019ലെ ഇന്ത്യ-പാകിസ്ഥാൻ പ്രശ്നത്തിൽ അമേരിക്ക ഇടപെട്ടപ്പോൾ ഇന്ത്യൻ വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ സ്വരാജിന് വലിയ പങ്കുണ്ടായിരുന്നില്ലെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവും പ്രധാനമന്ത്രി മോദിയുടെ വിശ്വസ്തനുമായ അജിത് ഡോവലാണ് കാര്യങ്ങൾ തീരുമാനിച്ചതെന്നും അദ്ദേഹവുമായാണ് കൂടുതൽ ഇടപെട്ടതെന്നുമാണ് പോംപിയോ പുസ്തകത്തിൽ എഴുതിയത്.
താൻ യഥാർഥ്യത്തിൽ ചർച്ച നടത്തേണ്ടിയിരുന്നത് സുഷമ സ്വരാജുമായാണെന്നും എന്നാൽ അവർക്ക് വലിയ പങ്കുണ്ടായിരുന്നില്ലെന്നും പോംപിയോ വ്യക്തമാക്കി. 'നെവർ ഗിവ് ആൻ ഇഞ്ച്, ഫൈറ്റിങ് ഫോർ ദ അമേരിക്ക ഐ ലൗ'- എന്ന പുസ്തകത്തിലാണ് ഇക്കാര്യങ്ങള്‍ എഴുതിയത്. പോംപിയോയുടെ പരാമർശത്തെ അപലപിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ രംഗത്തെത്തി. പോംപിയോയുടെ പരാമർശം സുഷമാ സ്വരാജിനോടുള്ള അനാദരവാണെന്നും ജയശങ്കർ വ്യക്തമാക്കി. സുഷമാ സ്വരാജിനെക്കുറിച്ച് പറയാൻ അമേരിക്കൻ ശൈലിയിലുള്ള പദപ്രയോഗമാണ് പോംപിയോ ഉപയോഗിച്ചതെന്നും ആരോപണമുണ്ട്.
ഒന്നാം മോദി സർക്കാറിൽ(2014-2019) വിദേശകാര്യ മന്ത്രിയായിരുന്നു സുഷമ സ്വരാജ്. 2019 മേയിൽ അവർ അന്തരിച്ചു. ഇന്ത്യയും പാകിസ്ഥാനും 2019ൽ ആണവയുദ്ധത്തിന്റെ വക്കിലെത്തിയെന്നാണ് പോംപിയോ പുസ്തകത്തിൽ പറയുന്നത്. വിഷയത്തിൽ അമേരിക്ക ഇടപെട്ടെന്നും അദ്ദേഹം പറയുന്നു. ബാലാകോട്ട് സർജിക്കൽ അറ്റാക്കിന് ശേഷം പാകിസ്ഥാൻ ആണവ ആക്രമണക്കിന് പദ്ധതിയിട്ടു. ഇക്കാര്യം താൻ സുഷമാ സ്വരാജിനെ അറിയിച്ചു. പുൽവാമ ആക്രമണത്തിന് പിന്നിൽ പാകിസ്ഥാനായിരിക്കാൻ സാധ്യതയുണ്ടെന്നും പാക് സർക്കാറിന്റെ ദൗർബല്യങ്ങളെക്കുറിച്ച് അന്നത്തെ യഥാർഥ പാക് നേതാവ് സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്വയുമായി താൻ സംസാരിച്ചെന്നും പോംപിയോ അവകാശപ്പെട്ടു.
തട്ടിപ്പ് ആരോപണങ്ങളിൽ കാലിടറി അദാനി ഗ്രൂപ്പ്; ഓഹരി വിപണിയിൽ 46,000 കോടി രൂപയുടെ നഷ്ടം
