ദില്ലി: ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദി പരിപാടിയെ തുടര്‍ന്ന് മോദി പ്രശംസയുമായെത്തിയ കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദിയോറ രംഗത്ത്. രാഷ്ട്രീയത്തില്‍  തന്‍റെ പിതാവിന്‍റെ മാതൃകയാണ് താന്‍ പിന്തുടരുതെന്ന് മിലിന്ദ് വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ മുരളി ദിയോറയാണ് മിലിന്ദിന്‍റെ പിതാവ്. ഇന്ത്യ-യുഎസ് ബന്ധം മെച്ചപ്പെടുത്തുന്നതിന് നിര്‍ണായക പങ്കുവഹിച്ച മന്ത്രിയായിരുന്നു മുരളി ദിയോറ.  

'ഹൗഡി മോദി' പരിപാടിയെ കോണ്‍ഗ്രസ് നേതാക്കള്‍ രൂക്ഷമായി വിമര്‍ശിച്ച സമയത്താണ് പ്രശംസയുമായി മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദിയോറ രംഗത്തെത്തിയത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നു. എന്‍റെ കഴിവിന്‍റെ പരമാവധി രാജ്യത്തെ സേവിക്കുമെന്നും മിലിന്ദ് ദിയോറ ട്വിറ്ററില്‍ വ്യക്തമാക്കി. ആത്യന്തികമായി ഞാന്‍ എന്‍റെ അച്ഛന്‍റെ മകനാണ്. സൗഹൃദമായിരുന്നു അദ്ദേഹത്തിന്‍റെ രാഷ്ട്രീയത്തിന്‍റെ കാതല്‍. രാഷ്ട്രീയം കരുണയില്ലാത്തതും വിഭാഗീയവുമായി മാറുമ്പോഴും എന്‍റെ വിശ്വാസങ്ങളില്‍ ഞാന്‍ വിട്ടുവീഴ്ചക്കില്ലെന്നും മിലിന്ദ് കുറിച്ചു. 

മോദിയുടെ ഹൂസ്റ്റണിലെ പ്രസംഗത്തെ ചരിത്രപരമായ സംഭവമായിട്ടാണ് മിലിന്ദ് ദിയോറ വിശേഷിപ്പിച്ചത്. ഇന്ത്യന്‍ നയതന്ത്രത്തിന്‍റെ വലിയ വിജയമായും ഹൗദി മോദി പരിപാടിയെ മിലിന്ദ് പുകഴ്ത്തിയിരുന്നു. നേരത്തെ കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് റദ്ദാക്കിയ തീരുമാനത്തെയും മിലിന്ദ് സ്വാഗതം ചെയ്തിരുന്നു.