പട്ന: ബീഹാറിൽ ബിജെപിയുടെ സൗജന്യവാക്സിൻ വാഗ്ദാനത്തിനെതിരായ പരാതി തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. വാ​ഗ്ദാനത്തിൽ ചട്ടലംഘനമില്ലെന്നും പ്രകടനപത്രികയിൽ അപാകതയില്ലെന്നും കമ്മീഷൻ പറഞ്ഞു.  രണ്ടാംഘട്ട വോട്ടെടുപ്പിന്‍റെ പ്രചരണം അവസാനിക്കാനിരിക്കെ എല്ലാ ആയുധങ്ങളും പുറത്തെടുത്താണ് ബിജെപിയുടെ നീക്കം. കമ്മ്യൂണിസ്റ്റ് പാര്‍ടികളുമായി സഖ്യമുണ്ടാക്കിയ യുപിഎ തീവ്രവാദ നിലപാടിനൊപ്പം ചേര്‍ന്നെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തേജസ്വി യാദവിന്‍റെ പത്ത് ലക്ഷം തൊഴിൽ എന്ന വാഗ്ദാനം ശുദ്ധതട്ടിപ്പെന്നും ഗിരിരാജ് സിംഗ് ആരോപിച്ചു.

മാധ്യമങ്ങളോട് അധികം സംസാരിക്കേണ്ടെന്ന് പാര്‍ടി കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗിന് നൽകിയിരിക്കുന്ന നിര്‍ദ്ദേശം. പ്രസ്താവനകൾ വിവാദമായ ചരിത്രമുള്ളതാണ് കാരണം. പുൽവാമ വീണ്ടും ചര്‍ച്ചയായതോടെ ഗിരിരാജ് സിംഗും പ്രചാരണത്തിൽ സജീവമാവുകയാണ്. സിപിഎം (എം.എൽ) സായുധ വിപ്ളവത്തിന് ആരോപണം നേരിടുന്നവരാണ്. കര്‍ഷകരെയും മറ്റും സംഘടിപ്പിച്ച് നിരവധി പേരെ ഇവര്‍ കൊലപ്പെടുത്തി. ഒരു വശത്ത് വിഭജനത്തിന്‍റെ ആൾക്കാരും മറുവശത്ത് ബോംബ് സ്ഫോടനക്കാരുമാണ് ഇവര്‍ക്കൊപ്പം ഉള്ളത്. ഇങ്ങനെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ മഹാസഖ്യത്തിൽ ചേര്‍ന്നതിനെ കുറിച്ച് ഗിരിരാജ് സിംഗിന്‍റെ പ്രതികരണം . 

ബീഹാറിൽ പത്ത് ലക്ഷം തൊഴിൽ എന്ന തേജസ്വി യാദവിന്‍റെ വാഗ്ദാനം  ഈ തെരഞ്ഞെടുപ്പിന്‍റെ ഗതി മാറ്റി. അതുകൊണ്ടുതന്നെ പ്രധാനമന്ത്രിക്കൊപ്പം എല്ലാ ബി.ജെ.പി നേതാക്കളും വാഗ്ദാനം പൊള്ളയെന്നാരോപിച്ച് രംഗത്തെത്തുകയാണ്. രാഷ്ട്രീയ നിരാശയിൽ നിന്നാണ് ഈ ആരോപണങ്ങൾ ഉന്നയിക്കുന്നത്. പതിനഞ്ചുകൊല്ലം ഇവര്‍ ബീഹാര്‍ ഭരിച്ചു. രണ്ട് കൊല്ലം ഉപമുഖ്യമന്ത്രിയായി നിരവധി വകുപ്പുകൾ തേജസ്വി കയ്യിൽ വെച്ചിരുന്നു. അപ്പോൾ എന്തുകൊണ്ട് തൊഴിൽ കൊണ്ടുവന്നില്ല. ഗിരിരാജ് സിം​ഗ് ചോദിക്കുന്നു. 

94 മണ്ഡലങ്ങളിലേക്കാണ് രണ്ടാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ്. പ്രചാരണത്തിൽ ഇടക്ക് പിന്നിലേക്ക് പോയെങ്കിലും എൻഡിഎ കഴിഞ്ഞ മൂന്ന് ദിവസമായി വീണ്ടും സജീവമായിരിക്കുകയാണ്.