ദില്ലി: ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയെ കാണുമെന്ന് സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ത്യ ചൈന ബന്ധത്തിൽ ആർക്കും നിലപാട് പരസ്പരം അടിച്ചേല്പിക്കാനാകില്ലെന്ന് ജയശങ്കർ അഭിപ്രായപ്പെട്ടു. മോസ്കോവിൽ വച്ച് ഈ മാസം10ന് ചർച്ച നടക്കും. പൂർണ്ണ പിൻമാറ്റം എന്ന നിർദ്ദേശം ഇന്ത്യ മുന്നോട്ടു വയ്ക്കും. അതിർത്തി അശാന്തമായിരിക്കെ മറ്റു മേഖലകളിലെ സഹകരണത്തിന് തടസ്സമുണ്ടെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.

ഇന്ത്യ - ചൈന അതിര്‍ത്തിയിൽ സംഘര്‍ഷസ്ഥിതി തുടരുകയാണെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇരുരാജ്യങ്ങളും പാംഗോഗ് തീരത്തെ നിയന്ത്രണരേഖക്ക് സമീപം സൈനിക ശക്തി വർധിപ്പിച്ചിട്ടുണ്ട്. വൻ ആയുധ ശേഖരവും ഇവിടെ എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ലഡാക്കിൽ തങ്ങിയ കരസേന മേധാവി ജനറൽ എം എം നരവനെ സൈനിക വിന്യാസം നേരിട്ട് വിലയിരുത്തിയിരുന്നു. 

അതിര്‍ത്തിയിൽ സമാധാനം വേണോ, കൂടുതൽ സംഘര്‍ഷത്തിലേക്ക് കാര്യങ്ങൾ പോകണമോ എന്നതൊക്കെ ചൈന തീരുമാനിക്കണമെന്ന സന്ദേശമാണ് ഇന്ത്യ നൽകുന്നത്. ചൈന പ്രകോപനം അവസാനിപ്പിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കാൻ ചര്‍ച്ചകൾ തുടരണമെന്നും ഇരുരാജ്യങ്ങളിലെയും പ്രതിരോധ മന്ത്രിമാരുടെ മോസ്കോ കൂടിക്കാഴ്ചയിൽ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പ്രകോപനത്തിന് കാരണം ഇന്ത്യയാണെന്നാണ് ചര്‍ച്ചക്ക് ശേഷം ഇറക്കിയ വാര്‍ത്താകുറിപ്പിൽ ചൈന മറുപടി നൽകിയത്.