Asianet News MalayalamAsianet News Malayalam

ജനാധിപത്യത്തെ പ്രതിപക്ഷം കശാപ്പ് ചെയ്തുവെന്ന് കേന്ദ്ര മന്ത്രിമാർ; നടപടി വേണമെന്ന് ആവശ്യം

സഭയുടെ എല്ലാ മര്യാദയും പ്രതിപക്ഷം ലംഘിച്ചുവെന്നാണ് കേന്ദ്ര മന്ത്രിമാരുടെ ആരോപണം. സഭയുടെ വാതിൽ ചില്ലുകൾ തകർത്ത് ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ചു, വനിതാ മാ‌ർഷൽമാരോടുള്ള പ്രതിപക്ഷത്തിന്റെ സമീപനത്തെ അപലപിച്ച മന്ത്രിമാ‌‌ർ ഒരു ഉദ്യോ​ഗസ്ഥ നടപടി ആവശ്യപ്പെട്ട് പരാതി നൽകിയിട്ടുണ്ടെന്നും കുറ്റപ്പെടുത്തി. 

ministers hold press conference blaming opposition for ruckus in rajyasabha
Author
Delhi, First Published Aug 12, 2021, 4:02 PM IST

ദില്ലി: പാർലമെന്‍റിലെ പ്രതിപക്ഷ പ്രതിഷേധത്തെ കുറ്റപ്പെടുത്തി കേന്ദ്ര മന്ത്രിമാരുടെ വാർത്താസമ്മേളനം. രാജ്യസഭയിൽ മേശക്ക് മുകളിൽ കയറിയവർക്കെതിരെയും, മാർഷൽമാരോട് മോശമായി പെരുമാറിയവർക്കെതിരെയും നടപടി വേണമെന്ന് മന്ത്രിമാർ ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ നടപടി അരാജകമെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു.  ചരിത്രത്തിൽ ഇത്രയും അപമാനകരമായ സംഭവം ഉണ്ടായിട്ടില്ലെന്നായിരുന്നു പിയൂഷ് ഗോയലിന്റെ കുറ്റപ്പെടുത്തൽ. 

നികുതി ദായകരുടെ പണം പാഴാക്കിയതിന് പ്രതിപക്ഷം രാജ്യത്തോട് മാപ്പ് പറയണമെന്ന് അനുരാഗ് ഠാക്കൂർ ആവശ്യപ്പെട്ടു. പ്രതിപക്ഷവുമായി പലതവണ ചർച്ച നടത്തിയിട്ടും വിട്ടുവീഴ്ചക്ക് തയ്യാറായില്ലെന്നായിരുന്നു പാർലമെന്‍ററി മന്ത്രി പ്രഹ്ലാദ് ജോഷിയുടെ വിശദീകരണം. വിലക്കയറ്റത്തിലും കൊവിഡിലും കാർഷിക വിഷയത്തിലും ചർച്ചക്ക് സർക്കാർ തയ്യാറായെന്നും മന്ത്രി പറഞ്ഞു. കോൺഗ്രസിന്റെ നേതൃത്വത്തിൽ മുൻകൂട്ടി തീരുമാനിച്ച ധാരണ പ്രകാരമാണ് പ്രതിപക്ഷം പാർലമെന്റ് നടപടികൾ അലങ്കോലപ്പെടുത്തിയതെന്നാണ് ബിജെപി മന്ത്രിമാരുടെ ആരോപണം. ചർച്ചയില്ലാതെ യുപിഎ കാലത്ത് പാസാക്കിയ ബില്ലുകളുടെ കണക്ക് തങ്ങളുടെ കയ്യിലുണ്ടന്നും ജോഷി വെല്ലുവിളിച്ചു.

സഭയുടെ എല്ലാ മര്യാദയും പ്രതിപക്ഷം ലംഘിച്ചുവെന്നാണ് കേന്ദ്ര മന്ത്രിമാരുടെ ആരോപണം. സഭയുടെ വാതിൽ ചില്ലുകൾ തകർത്ത് ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ചു, വനിതാ മാ‌ർഷൽമാരോടുള്ള പ്രതിപക്ഷത്തിന്റെ സമീപനത്തെ അപലപിച്ച മന്ത്രിമാ‌‌ർ ഒരു ഉദ്യോ​ഗസ്ഥ നടപടി ആവശ്യപ്പെട്ട് പരാതി നൽകിയിട്ടുണ്ടെന്നും കുറ്റപ്പെടുത്തി. 

ജനാധിപത്യത്തെ പ്രതിപക്ഷം കശാപ്പ് ചെയ്തുവെന്ന് പറയുന്ന മന്ത്രിമാ‌ർ പ്രതിപക്ഷം രാജ്യത്തോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. രാജ്യസഭ ചെയർമാനെ കണ്ട് നടപടി ആവശ്യപ്പെട്ടുവെന്ന് പറഞ്ഞ പ്രഹ്ലാദ് ജോഷി ഇത്തരം സംഭവങ്ങൾ സഭയിൽ ആവ‌ർത്തിക്കരുതെന്നും ആവശ്യപ്പെട്ടു. 

ദുഖകരമായ കാഴ്ചയാണ് ഈ സമ്മേളന കാലയളവിൽ കണ്ടതെന്നായിരുന്നു പിയൂഷ് ഗോയലിന്റെ പ്രതികരണം. രാജ്യസഭ അദ്ധ്യക്ഷനെ തന്നെ അപമാനിച്ചുവെന്നും പാ‌ർലമെന്ററി സംസ്കാരത്തെ തന്നെ അട്ടിമറിക്കാൻ പ്രതിപക്ഷം ശ്രമിച്ചുവെന്നും ഗോയൽ പറഞ്ഞു. രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് മാത്രമാണ് പ്രതിപക്ഷം ഒബിസി ബില്ലിനെ പിന്തുണച്ചതെന്ന് മന്ത്രി പറയുന്നു. 

പെഗാസസ് വിഷയത്തിൽ പ്രതിപക്ഷത്തിന് സംസാരിക്കാൻ രാജ്യസഭ അദ്ധ്യക്ഷൻ അവസരം നൽകിയിരുന്നുവെന്നും അത് പ്രയോജനപ്പെടുത്താതെ സഭാ നടപടികൾ അലങ്കോലപ്പെടുത്തുകയായിരുന്നു പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്നും ​ഗോയൽ പറയുന്നു. 

Follow Us:
Download App:
  • android
  • ios